പിത്താശയ കല്ലുകള്‍ വരാനുള്ള പ്രധാന കാരണം ഇവ: ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

കരളില്‍ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധര്‍മ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാര്‍ത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിന്‍റെ അളവ് സാധാരണ അവസ്ഥയെക്കാളും വളരെ കുറയുകയോ, കൂടുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയായി മാറുന്നത്. പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ്  പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്.
ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു. എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ കാരണമാകും.
മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ കൂടുന്നതും ഈ രോഗമുണ്ടാക്കും. അമിത കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹവും അമിത കൊളസ്ട്രോളും പിത്താശയക്കല്ലിനുള്ള സാധ്യതഘടകങ്ങളാണ്. പിത്താശക്കല്ലിന് മാനസിക സമ്മര്‍ദങ്ങള്‍ ഒരു പ്രധാന കാരണമാണ്. പാരമ്പര്യവും ഒരു കാരണമാണ്.വലതു നെഞ്ചിന്‍റെ പുറകു വശത്തായി വേദന,  വലതു തോളില്‍ വേദന അനുഭവപ്പെടുക, നടുവുവേദന, ഛര്‍ദി, അമിതവിയര്‍പ്പ്, പനി, ദഹനക്കേട്, ക്ഷീണം, ശരീരം മെലിയല്‍, വയറുവേദന, മലബന്ധം, വയറിളക്കം, നെഞ്ചെരിച്ചില്‍ ഇവയാണ് ലക്ഷണങ്ങള്‍. അള്‍ട്രാസൗണ്ട് സ്കാനിംഗ് മൂലം രോഗം കണ്ടുപിടിക്കാം.
മത്സ്യമാംസാദികള്‍ കഴിവതും ഒഴിവാക്കുക. പാല്‍, മോര്, നെയ്യ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രശ്നമില്ല. എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മിതത്വം പാലിക്കേണ്ടതുണ്ട്.
എരിവ്, പുളി ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം. ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ പ്രയാസമായതിനാല്‍ കറികളില്‍ മസാലകളുടെ അളവ് കുറയ്ക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. നാരുകളടങ്ങിയ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കണം.മാനസിക സമ്മര്‍ദം കഴിവതും കുറയ്ക്കണം. ദിവസവും വ്യായാമം ശീലമാക്കുക. ധാരാളം ശുദ്ധജലം കുടിക്കുക. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നതിലൂടെ പിത്താശയക്കല്ല് ഒരു പരിധി വരെ പരിഹരിക്കാനാകും. കുമ്പളങ്ങ നീര് അഥവാ വാഴപിണ്ടി നീര് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത്‌ കല്ല്‌ അലിയാന്‍ സഹായിക്കും.കറ്റാര്‍ വാഴയുടെ നീര് മാതളം പഴത്തിന്‍റെ ചാറ്  ഇവ കല്ലിനെ അലിയിക്കുന്നു.
Share
Leave a Comment