കുമരകം: ഓടുന്ന ട്രെയിനിൽ ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടന്ന രണ്ടു യുവാക്കളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ യുവതിക്ക് അഭിനന്ദന പ്രവാഹം. എൻകെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവരാണ് യുവതിയുടെ പ്രവർത്തിയെ അഭിനന്ദിച്ചത്. സ്വന്തം ജീവൻപോലും തൃണവത്ഗണിച്ചാണ് കോട്ടയം തിരുവാർപ്പ് ഐശ്വര്യയിൽ ശ്രീവിദ്യ എം. മണിയൻ (42) രണ്ട് യുവാക്കളെ ജീവിതത്തിലേക്ക് വലിച്ചെടുത്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. എൽഐസി ഏജന്റായ ശ്രീവിദ്യ തൊഴിലവകാശം നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിന് ഡൽഹിയിലേക്ക് പോകുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ട്രെയിൻ നീലേശ്വരം സ്റ്റേഷനിൽ എത്തിയ ശേഷം പുറപ്പെടുന്ന സമയം ടോയ്‌ലറ്റിൽ പോകുന്നതിനായി നടന്നുപോകുമ്പോഴാണു ശ്രീവിദ്യ ആ കാഴ്ച കാണുന്നത്. അന്യസംസ്ഥാനത്തൊഴിലാളികളായ രണ്ടു യുവാക്കൾ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവേ കയറാൻ കഴിയാതെ ട്രെയിനിൽ തൂങ്ങിക്കിടക്കുന്നു.
ട്രെയിനിന്റെ വേഗം കൂടിവരുന്നു. എന്തു ചെയ്യണമെന്ന് ഒരു നിമിഷം പകച്ചു പോയെങ്കിലും ധൈര്യം സംഭരിച്ചു ട്രെയിനിന്റെ ചവിട്ടുപടിയിൽ തൂങ്ങിക്കിടന്ന യുവാവിന്റെ തലമുടിക്കുത്തിൽ പിടിച്ചു. എന്തും വരട്ടെ എന്നു കരുതി ശക്തി സംഭരിച്ച് ഈ യുവാവിനെ വലിച്ചു ട്രെയിനിൽ കയറ്റി. വാതിലിന്റെ കൈവരിയിൽ പിടിച്ചു കിടന്ന അടുത്ത യുവാവിനെയും ട്രെയിനിലേക്കു കയറ്റി രക്ഷപ്പെടുത്തി. മുടിക്കുത്തിനു പിടിച്ചതാണു രക്ഷയായതെന്നു ശ്രീവിദ്യ കരുതുന്നു.
സംഭവം അറിഞ്ഞതിന് തൊട്ടുപിന്നാലെ റയിൽവെ പൊലീസ് സ്ഥലത്തെത്തി. രണ്ടു യുവാക്കളെയും കൂട്ടിക്കൊണ്ടു പോയി. അതിനാൽ യുവാക്കളുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും ശ്രീവിദ്യയ്ക്കു ചോദിച്ചറിയാനായില്ല. 23 വർഷമായി എൽഐസി ഏജന്റായി ജോലി ചെയ്യുകയാണു ശ്രീവിദ്യ. ശിവൻപിള്ളയാണു ഭർത്താവ്. മക്കൾ: ആദി ശബരിനാഥ്, ആരുഷ് കൃഷ്ണ.
Post Your Comments