മധുരൈ : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഉടമയായ ചെല്ലദുരെ, കണ്ണൂർ സ്വദേശി നിഥിൻ ജോർജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. അറസ്റ്റിലായ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ്. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയും കൂട്ടാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികൾ തിരുനെൽവേലിയിൽ കൊണ്ടുപോയി തള്ളിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. അതേ സമയം തിരുനെൽവേലിയിൽ നിക്ഷേപിച്ച മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുക്കുന്നത്.
തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം ഉപേക്ഷിച്ചത്. കൃഷിയിടങ്ങളിലാകെ ഉപേക്ഷിച്ച ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യക്കൂമ്പാരം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയവിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്.
Leave a Comment