KeralaLatest News

അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് : തലയ്ക്കും ഇടുപ്പിനുമുണ്ടായ പരിക്കുകൾ മരണത്തിനിടയാക്കി

മരിച്ച ദിവസം അമ്മു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്

തിരുവനന്തപുരം : പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരിക്കുകളാണ് മരണത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

മരിച്ച ദിവസം അമ്മു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിള്‍ ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അതേ സമയം അമ്മുവിന്റെ മരണത്തിൽ പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൂടാതെ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് വിദ്യാർത്ഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിദ്യാർത്ഥിനികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ് മരിക്കുന്നത്.

തുടർന്ന് കോളെജിനും സഹപാഠികൾക്കുമെതിരെ അമ്മുവിൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണ് നടന്നിരിക്കുന്നതെന്നുമാണ് അമ്മുവിൻ്റെ അഛൻ ആരോപിച്ചത്.

shortlink

Post Your Comments


Back to top button