KeralaLatest News

ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ചു : ദാരുണ സംഭവം വയനാട് മാനന്തവാടിയില്‍

കെഎല്‍ 52 ഒ 8733 നമ്പര്‍ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടില്‍ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോര്‍വാഹന വകുപ്പ് സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെ ആക്രമിച്ച സംഭവത്തിലാണ് കേസ്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ ഒരു കടയുടെ മുന്നില്‍നിര്‍ത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നില്‍ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാനും ഇവര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.

കൈ കാറിന്റെ ഡോറില്‍ കുടുക്കിയ ശേഷം 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴക്കപ്പെട്ട മാതന് കൈ കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. കെഎല്‍ 52 ഒ 8733 നമ്പര്‍ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടില്‍ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോര്‍വാഹന വകുപ്പ് സ്ഥിരീകരിച്ചു.

ഇതോടെ മലപ്പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കബനി നദിയുടെ രണ്ട് കൈവഴികള്‍ സംഗമിക്കുന്ന സ്ഥലമാണ് കൂടല്‍ക്കടവ്. ഇവിടെയുള്ള ചെക്ക് ഡാം സന്ദര്‍ശിക്കാന്‍ ധാരാളം സഞ്ചാരികളാണ് എത്താറ്. രണ്ട് കാറിലുണ്ടായിരുന്നവരും തമ്മില്‍ ആദ്യം ഇവിടെവെച്ച് തര്‍ക്കമുണ്ടായി എന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button