തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മന്‍. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവര്‍ക്കും ചുമതല നല്‍കിയെങ്കിലും തനിക്ക് തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.
അന്ന് പറയേണ്ടെന്നു കരുതിയതാണ്. ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ല. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുപോകണമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കൂടാതെ കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറണമെന്ന അഭിപ്രായം തനിക്കില്ല. അങ്ങനെയൊരു വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ല. എല്ലാവരെയും ചേര്‍ത്തുപിടിച്ചു കൊണ്ടുപാര്‍ട്ടി മുന്നോട്ടു പോകണം. പാര്‍ട്ടി പുന:സംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
അതേസമയം, ചാണ്ടി ഉമ്മന്റെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണ് എന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്‍ അതൃപ്തി അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തെയാണെന്നും അതില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വത്തില്‍ ഉള്ളവരാണെന്നും രാഹുല്‍ പറഞ്ഞു. നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകനുമുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും പാര്‍ട്ടി നേതൃത്വം ഒന്നുതന്നെയാണ്. അവിടെ അദ്ദേഹം ഉയര്‍ത്തിയിരിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്, ഞാനല്ല.
പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍തന്നെ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നു. ഭവന സന്ദര്‍ശനത്തിന് കൂടെവന്നിരുന്നു. പാലക്കാട് നടന്ന കണ്‍വെന്‍ഷനിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹത്തിന് മുഴുവന്‍ സമയവും പാലക്കാട് ഉണ്ടാകാന്‍ കഴിയാതിരുന്നത്.
വയനാട്ടിലും ചേലക്കരയിലും നടന്ന പ്രചാരണ പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. മഹാരാഷ്ട്രയിലും മറ്റും മലയാളി സമാജങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തുവെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Post Your Comments