KeralaLatest News

നടി പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല : വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിൽ പ്രതികരിച്ച് നർത്തകി നീനാ പ്രസാദ്

അവരുടെ കലയ്‌ക്കും, അവർ കൊടുക്കാനുദ്ദേശിക്കുന്ന സമയത്തിനും അവർ നൽകുന്ന മൂല്യമാണ് ആ നടി പറഞ്ഞത്

കൊച്ചി : സ്കൂൾ കലോത്സവത്തിന് സ്വാഗതഗാനം അവതരിപ്പിക്കുന്നതിന് നൃത്താവിഷ്കാരം ഒരുക്കാൻ പ്രശസ്തയായ സിനിമാ നടി പ്രതിഫലം ചോദിച്ചതിനെ കുറ്റപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിനെ തള്ളി നർത്തകി നീനാ പ്രസാദ്.

നടി പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നും അവരുടെ അധ്വാനത്തിനും സമയത്തിനും അവർ നൽകുന്ന മൂല്യം തുറന്നുപറഞ്ഞതിൽ തെറ്റുപറയാൻ സാധിക്കില്ലെന്നും നീനാ പ്രസാദ് പറഞ്ഞു. വേണമെങ്കിൽ സ്വീകരിച്ചാൽ മതിയല്ലോയെന്നും അവർ കൂട്ടിച്ചേർത്തു.

“നടി പറഞ്ഞതിൽ യാതൊരു തെറ്റുമില്ല എന്നതുതന്നെയാണ് എന്റെ അഭിപ്രായം. യൂത്ത് ഫെസ്റ്റിവലിലൂടെ വളർന്നുവന്നു എന്നുള്ളതൊക്കെ മറ്റൊരു കാര്യം. ഇന്നത്തെ കാലത്ത് യുവജനോത്സവം എന്നാൽ പണക്കൊഴുപ്പിന്റെ ഇടമാണ്. തിരുവാതിരയോ ഗ്രൂപ്പ്ഡാൻസോ പഠിപ്പിക്കാൻ എത്ര രൂപയാകുമെന്ന് നിങ്ങൾ അന്വേഷിച്ച് നോക്കൂ.

ഒന്നും അറിഞ്ഞുകൂടാത്ത ഒരു കുട്ടിയെ ഒരു വ്യക്തിഗത ഐറ്റം പഠിപ്പിച്ച് നൽകാൻ എടുക്കുന്ന അധ്വാനത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. കല എന്നുള്ളതല്ല, നമ്മുടെ വിലയേറിയ സമയം, അധ്വാനിക്കുന്ന സമയം ഇതിനെല്ലാം ഓരോരുത്തരും ഓരോ മൂല്യമാണ് സ്വയം നൽകുന്നത്. അവരുടെ കലയ്‌ക്കും, അവർ കൊടുക്കാനുദ്ദേശിക്കുന്ന സമയത്തിനും അവർ നൽകുന്ന മൂല്യമാണ് ആ നടി പറഞ്ഞത്. നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം, അല്ലെങ്കിൽ വേണ്ട.” – നീന പ്രസാദ് പറഞ്ഞു.

ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വാഗതഗാനത്തിന് നൃത്താവിഷ്‌കാരം ഒരുക്കാൻ സിനിമാ നടിയെ സമീപിച്ചെന്നും, 10 മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ അവർ പ്രതിഫലം ആവശ്യപ്പെട്ടെന്നുമാണ് വി. ശിവൻകുട്ടി കുറ്റപ്പെടുത്തിയത്.

കലോത്സവങ്ങളിലൂടെ പ്രശസ്തയായ നടി ഇത്തരത്തിൽ പെരുമാറിയത് വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെ അനുകൂലിച്ച് സുധീർ കരമന അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പ്രതിഫലം ചോദിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സുധീർ ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് നീനാ പ്രസാദിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

shortlink

Post Your Comments


Back to top button