കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. വയനാട് കളക്ടറേറ്റിൽ റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതി സർക്കാർ സർവീസിൽ ജോയിൻ ചെയ്യുന്നത്. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്ടമായിരുന്നു. പിന്നീടുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനും കൊല്ലപ്പെട്ടു. ഈ വാഹനാപകടത്തിൽ ശ്രുതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
വിധി വളരെ ക്രൂരമായി പെരുമാറിയ യുവതിക്ക് ആശ്വാസമായാണ് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനമാണ് ഇന്ന് യാഥാർത്ഥ്യമാകുന്നത്. നിലവിൽ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് ആദ്യ നിയമനം കളക്ടറേറ്റിൽ തന്നെ നൽകിയതും.
ചൂരൽമലയിലെ പുതിയ വീടിൻറെ ഗൃഹപ്രവേശനം പൂർത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്. പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തിൽ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോൾ കൽപ്പറ്റയിൽ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കിൽ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങൾ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ.
Post Your Comments