Kerala

ആദിവാസിവിഭാഗത്തില്‍പ്പെട്ട നവവധുവിൻ്റെ മരണം: ഭർത്താവ് അഭിജിത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം പാലോട് ആദിവാസിവിഭാഗത്തില്‍പ്പെട്ട നവവധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് കസ്റ്റഡിയിൽ. ഭർത്താവ് അഭിജിത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് പിതാവ് രംഗത്തെത്തിയിരുന്നു. ഇന്ദുജയുടെ പിതാവ് ശശിധരന്‍കാണിയുടെ പരാതിയില്‍ പാലോട് പോലീസ് അന്വേഷണം ആരംഭിച്ചത്. പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനില്‍ ഇന്ദുജ(25)യെയാണ് ഭര്‍ത്താവ് ഇളവട്ടം സ്വദേശി അഭിജിത്തിൻ്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

അഭിജിത്ത് കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. മൂന്നുമാസം മുന്‍പ് ഇന്ദുജയെ അഭിജിത്ത് വീട്ടില്‍നിന്നു വിളിച്ചിറക്കി അമ്പലത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അഭിജിത്തിനു കാര്യമായ ബന്ധമില്ലായിരുന്നു. എന്നാല്‍ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിക്കുമായിരുന്നു.

പാലോട് പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു. ഇന്ദുജയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഈ സമയം അഭിജിത്തിൻ്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. ശശിധരന്‍കാണി, ഷീജ ദമ്പതികളുടെ മകളാണ് ഇന്ദുജ. സഹോദരന്‍ ഷിനു.

shortlink

Post Your Comments


Back to top button