കൊല്ലം: കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്‍ സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചു. കൊടി സുനിയുടെ ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയും മുമ്പ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള പന്മന പള്ളത്ത് പടീറ്റതില്‍ ശ്രീകുമാര്‍ (40) ആണ് ആക്രമണം നടത്തിയത്.
ആക്രമണം തടയാന്‍ എത്തിയ ജയില്‍ ഉദ്യോഗസ്ഥരെയും ഇയാൾ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ജയില്‍ ഉദ്യോഗസ്ഥരായ ധനേഷ് കുമാര്‍ (31), രാമചന്ദ്രന്‍ (36), തടവുകാരായ എം മനു (36), ജയിന്‍ സാം (31) എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുനലൂരില്‍ പിടിച്ചുപറിക്കേസില്‍ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17നാണ് ജയിലില്‍ എത്തിച്ചത്.
ജയിലില്‍ എത്തിയ നാള്‍ മുതല്‍ ശ്രീകുമാര്‍ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യാഴാഴ്ച രാത്രി ഇയാള്‍ മറ്റൊരു തടവുകാരനായ രാജേഷിനെ മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് സെല്ല് മാറ്റി. എന്നാല്‍ പുതിയ സെല്ലിൽ മനു എന്ന തടവുകാരനെ കുപ്പിച്ചില്ലു കൊണ്ട് ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.
ഉദ്യോഗസ്ഥരെ ചവിട്ടുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥരും തടവുകാരും ചേര്‍ന്നാണ് ഇയാളെ പിടിച്ചുവച്ചത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ശ്രീരാമന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേ സമയം കൊടി സുനിയുടെ ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ശ്രീകുമാര്‍ മാവേലിക്കരയില്‍ പോലീസുകാരെ കുത്തിയ കേസില്‍ പ്രതിയാണെന്നും സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments