Kerala

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: കഴിഞ്ഞ വർഷത്തെക്കാൾ 4.58 ലക്ഷം തീർത്ഥാടകർ കൂടുതൽ

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലകാല തീർത്ഥാടനത്തിന് നട തുറന്നത് മുതൽ ഇന്നലെ രാവിലെ 11 മണിവരെ 15 ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ഇത് എല്ലാവർഷത്തെക്കാളും കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ വർഷം ഡിസംബർ നാലുവരെ 14,62,864 ഭക്തരാണ് സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ദർശനം നടത്താനെത്തിയത് 10,04,607 തീർഥാടകരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.58 ലക്ഷം തീർത്ഥാടകരുടെ വർധനവാണുണ്ടായിരിക്കുന്നത്.

ശബരിമലയിൽ ഇന്നലെ രാവിലെ മൂന്നിനു നട തുറന്നതു മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കനുസരിച്ച് 37844 തീർഥാടകരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 6,531 പേരും ദർശനം നടത്തി. ഡിസംബർ നാലിന് ആകെ 70,529 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 12,106 പേരും ദർശനം നടത്തി. പമ്പവഴി 69,948 പേരും പുല്ലുമേടുവഴി 581 പേരും ദർശനം നടത്തി. അതേസമയം, തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ ശബരിമലയിലെ മാലിന്യവും ഉയർന്നിരിക്കുകയാണ്.

നടതുറന്നത് മുതൽ ഇതുവരെ 1640 ലോഡ് മാലിന്യം നീക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള കണക്കാണിത്. ദിവസവും 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്. അഞ്ച് ട്രാക്ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിന്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററുകളിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ആയിരം ജീവനക്കാരെയാണ് ശബരിമലയും പരിസരവും വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 300 വിശുദ്ധി സേന വോളണ്ടിയർമാർ പ്രവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button