ദുബായ് : അൽ സില മറൈൻ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അബുദാബിയിലെ അൽ ദഫ്‌റയിൽ വെച്ച് നടക്കുന്ന നാലാമത് അൽ സില മറൈൻ ഫെസ്റ്റിവൽ ഡിസംബർ 4 നാണ് ആരംഭിച്ചത്. ഈ മേള ഡിസംബർ 8 വരെ നീണ്ട് നിൽക്കും.
അബുദാബി ഹെറിറ്റേജ് അതോറിറ്റി, അബുദാബി മറൈൻ സ്പോർട്സ് ക്ലബ് എന്നിവർ സംയുക്തമായാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന നാലാമത് അൽ സില മറൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി 57 മറൈൻ, സ്പോർട്ടിങ്, ബീച്ച് മത്സരങ്ങൾ നടത്തുന്നതാണ്.
43 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളുടെ റേസ്, ബറാഖ പായ്ക്കപ്പലുകളുടെ റേസ്, മത്സ്യബന്ധന മത്സരങ്ങൾ, ഫ്ലൈ ഫിഷിങ്, ഫാൽക്കണറി ചാംപ്യൻഷിപ്, സൈക്ലിംഗ് റേസ്, ഓട്ടമത്സരങ്ങൾ, ബീച്ച് വോളീബോൾ, ബീച്ച് ഫുട്ബാൾ തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
ഈ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു പരമ്പരാഗത ചന്ത, നാടോടി കലാരൂപങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവയും ഒരുക്കുന്നതാണ്. യുഎഇയുടെ സാംസ്കാരിക പെരുമയുടെ ആഘോഷം എന്ന രീതിയിലാണ് അൽ സില മറൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
യു എ ഇയുടെ നാവിക പൈതൃകം, മരുഭൂമിയിലെ ജീവിതരീതികൾ എന്നിവ ഭാവിതലമുറകൾക്കായി സംരക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന ഈ മേള രാജ്യത്തെ തീരദേശമേഖലകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
Post Your Comments