കോഴിക്കോട് : കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയ കേസിൽ അഞ്ച് പേർ പിടിയിലായതായി പോലീസ്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സ്വർണവ്യാപാരിയായ ബൈജുവിൽ നിന്ന് കവർന്ന 1.3 കിലോ സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു. ബുധനാഴ്ചയാണ് കൊടുവള്ളി മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്തത്. രണ്ട് കിലോ സ്വർണമാണ് കവർന്നത്.
രാത്രി 11 മണിയോടെ കോഴിക്കോട് – ഓമശേരി റോഡിൽ വച്ചായിരുന്നു സംഭവം. കടയടച്ച ശേഷം സ്‌കൂട്ടറിൽ സ്വർണവുമായി ബൈജു വീട്ടിലേക്ക് പോകുകയായിരുന്നു. കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചു വീഴ്‌ത്തി. റോഡിൽ തെറിച്ച് വീണ ബൈജുവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു.
തുടർന്ന് സംഘത്തിൽ നാല് പേരുണ്ടായിരുന്നതായി ബൈജു പോലീസിന് മൊഴി നൽകിയിരുന്നു. തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. വെളുത്ത സ്വിഫ്റ്റ് കാറിലായിരുന്നു കവർച്ചാ സംഘം എത്തിയത്. ഇത് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം പുരോഗമിച്ചത്.
അതേ സമയം കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം കൊടുവള്ളി കേന്ദ്രീകരിച്ചു നടന്നത് പത്തിലധികം സ്വർണ്ണകവർച്ചാ കേസുകൾ ആണ്. ഇതിനായി വൻ സംഘങ്ങൾ തന്നെ കൊടുവള്ളിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Leave a Comment