നവീന്‍ ബാബുവിന്റെ മരണം : കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കളക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പിറകെയാണ് പോലീസ് വീണ്ടും മൊഴിയെടുത്തിരിക്കുന്നത്.

കളക്ടര്‍ക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. പ്രതിസ്ഥാനത്തുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഒരു തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടര്‍ സമാന മൊഴി നല്‍കിയിരുന്നു.

അതേസമയം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടര്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസ് വീണ്ടും മൊഴിയെടുത്തത്.

Share
Leave a Comment