Latest NewsKerala

ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കരുത് : ബോഡി ഷെയ്മിങും പാടില്ല : അധ്യാപകർക്ക് നിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു

തിരുവനന്തപുരം: അധ്യാപകര്‍ക്ക് കർശന നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൻ്റെ  ഫേസ്ബുക്ക് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിങ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കാന്‍ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രാഥമിക കണക്കെടുപ്പ് പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.

827 അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇക്കാര്യത്തില്‍ അടുത്തഘട്ട നടപടികള്‍ താമസിയാതെ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികയും ലഭ്യമായ വിവരങ്ങളും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

പഠനയാത്രയ്ക്ക് പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്ന മന്ത്രിയുടെ നിര്‍ദേശം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞിരുന്നു. സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

സമ്മാനങ്ങള്‍ കൊണ്ടുവരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button