തൃശൂര്‍ : നാട്ടികയില്‍ ലോറി കയറി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജന്‍. മാഹിയില്‍ നിന്ന് മദ്യം വാങ്ങിയ ഡ്രൈവറും ക്ലീനറും അത് കഴിച്ചിരുന്നെന്ന് പോലീസ് അറിയിച്ചു.
ലോറി ഓടിച്ചിരുന്നവരുടെ ഭാഗത്താണ് പൂര്‍ണമായ തെറ്റ്. അവിടുത്തെ ഡിവൈഡര്‍ ഉള്‍പ്പടെയുള്ളവ ഇടിച്ച് തെറിപ്പിച്ചാണ് വാഹനം വന്നത്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കും. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനങ്ങളില്‍ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ പാലക്കാട് കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മേല്‍നോട്ടം നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് ആളുകള്‍ കിടന്നുറങ്ങാനുണ്ടായ സാഹചര്യം പിന്നീട് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Leave a Comment