Latest NewsFood & Cookery

സ്ട്രെസ് മുതൽ ഉറക്കമില്ലായ്മയ്ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

പോഷകസമൃദ്ധമായ, വലിപ്പം കുറവാണെങ്കിലും ആരോഗ്യത്തിന് ഗുണം നൽകുന്ന, ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിനുകൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ ഒരു ഉഷ്ണമേഖലാ ഫലമാണ് പാഷൻ ഫ്രൂട്ട്. ഒരുതരം പാഷൻ പുഷ്പത്തിന്റെ പാസിഫ്ലോറയുടെ ഫലമാണ് പാഷൻ ഫ്രൂട്ട്. വലിപ്പത്തിലും നിറത്തിലും വ്യത്യാസമുള്ള നിരവധി തരം പാഷൻ ഫ്രൂട്ടുകൾ ഉണ്ട്. പർപ്പിൾ , മഞ്ഞ ഇനങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളത്.

കേരളം പാഷൻഫ്രൂട്ട് കൃഷിക്ക് അനുയോജ്യമാണ് എന്നതുകൊണ്ട് തന്നെ ഇക്കാലത്ത് പല വീടുകളിലും കൃഷി ചെയ്യുന്നത് കണ്ടുവരാറുണ്ട്. കലോറി കുറഞ്ഞതും ഉയർന്ന തോതിൽ നാരുകൾ ഉള്ളതുമായ പാഷൻ ഫ്രൂട്ട് ഏവർക്കും അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്. രുചി കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന പാഷൻ ഫ്രൂട്ട് മധുരം ചേർത്തും ജ്യൂസായും അല്ലാതെയുമൊക്കെ ആളുകൾ കഴിക്കാറുണ്ട്. വിത്തുകൾ ഭക്ഷ്യയോഗ്യമാണെന്നതിനാൽ തന്നെ ഇവ പേടികൂടാതെ ആർക്കും കഴിക്കാം.

ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. ഹൃദയാരോഗ്യം നിയന്ത്രിക്കാൻ വരെ ഈ പഴത്തിന് കഴിയുമെന്നത് ആരെയും അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. രക്തക്കുഴലുകൾ അയവുള്ളതാക്കി അതിലൂടെ മെച്ചപ്പെട്ട രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പോളിഫെനോൾ പാഷൻ ഫ്രൂട്ടിന്റെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാഘാതം തടയുകയും ചെയ്യും.

കൂടാതെ, ഇവയിലടങ്ങിയിട്ടുള്ള മഗ്നീഷ്യം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. പലർക്കും ഇവയിലുള്ള വിത്തുകൾ അത്ര ഇഷ്ടപ്പെടാറില്ലെങ്കിലും വിത്തുകളിലാണ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. വൈറ്റമിൻ എ, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, കരോട്ടിനോയിഡുകൾ, നിക്കോട്ടിനിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ ഇവയുടെ വിത്തുകളിൽ അടങ്ങിയിട്ടുണ്ട്.

 

 

shortlink

Post Your Comments


Back to top button