തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നിര്‍ദേശം.
കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് പഠനാനുഭവങ്ങള്‍ ക്ലാസ് മുറികളില്‍ നിന്നും ലഭ്യമാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനവും നിരീക്ഷണവും നടത്തണം.
പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചത്.
Post Your Comments