കൊലപാതകം നടത്തിയ കുക്കി ഭീകരർക്കെതിരെ കടുത്ത നടപടി വേണം : പ്രമേയം പാസാക്കി എന്‍ഡിഎ എംഎല്‍എമാര്‍

ഏഴു ദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും അല്ലെങ്കില്‍ ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്നും എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ഇംഫാല്‍: മണിപ്പൂരില്‍ ആറ് പേരുടെ കൊലപാതകത്തിന് ഉത്തരവാദികളായ കുക്കി അക്രമികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് എന്‍ഡിഎ എംഎല്‍എമാര്‍. ഏഴു ദിവസത്തിനകം കുക്കി വിഭാഗത്തില്‍പ്പെട്ട അക്രമകാരികള്‍ക്കെതിരെ കൂട്ടായ ഓപ്പറേഷന്‍ നടത്തണമെന്നാണ് ഭരണകക്ഷിയായ എന്‍ഡിഎയുടെ എംഎല്‍എമാര്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആറു പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് എംഎൽഎമാർ രംഗത്തെത്തിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലെ 27 എംഎല്‍എമാര്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നാണ് പ്രമേയം പാസ്സാക്കിയത്.

നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്കം കൊലപ്പെടുത്തിയ അക്രമികള്‍ക്കെതിരെ ഏഴുദിവസത്തിനകം കൂട്ടായ ഓപ്പറേഷന്‍ എടുക്കുക, കൊലയ്ക്ക് ഉത്തരവാദികളായ കുക്കി അക്രമികളെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കേസുകള്‍ ഉടന്‍ എന്‍ഐഎയ്ക്ക് കൈമാറുക, സംസ്ഥാനത്ത് അഫ്‌സ്പ നിയമം ഏര്‍പ്പെടുത്തിയത് പുനഃപരിശോധിക്കുക, സംസ്ഥാനത്ത് സമാധാനവും, ജനങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താനുള്ള അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൈക്കൊള്ളണമെന്നും എംഎല്‍എമാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴു ദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും അല്ലെങ്കില്‍ ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്നും എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ട്.

ജിരിബോം ജില്ലയില്‍ ഒരു കുടുംബത്തിലെ അടക്കം ആറുപേരെ കൊലപ്പെടുത്തിയതോടെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വീണ്ടും സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.

Share
Leave a Comment