യുപിയിൽ നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം : ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു

ഗുരുതരമായി പരിക്കേറ്റ 16 കുഞ്ഞുങ്ങള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്

മധുര : ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.  ഒരാഴ്ചക്കകം വിശദീകരണം വേണമെന്നാണ് യുപി സര്‍ക്കാരിനും ഡിജിപിക്കും അയച്ച നോട്ടീസില്‍ പറയുന്നത്.

അതേ സമയം ദുരന്തത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ ഏജ്യുക്കേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഏഴ് ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

ഇതിനുപുറമെ ജുഡീഷ്യല്‍ തലത്തിലും പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ നേതൃത്വത്തിലും പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 16 കുഞ്ഞുങ്ങള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

ത്സാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുക്കളുടെ തീവ്രചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 40 കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

Share
Leave a Comment