ന്യൂദൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച ഏകദേശം 84.47 കോടി രൂപ വിലവരുന്ന 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തിൽ നിന്ന് കൊള്ളയടിച്ച പച്ച-ചാര നിറത്തിലുള്ള കല്ലിൽ കൊത്തിയെടുത്ത ദേവീ ശില്പം, മാതൃദേവതകളും സഹദേവതകളും തുടങ്ങിയ ശില്‍പങ്ങള്‍ ഇന്ത്യയിൽ തിരികെ എത്തിച്ച പുരാവസ്തുക്കളിൽ ഉൾപ്പെടുന്നുവെന്നും പത്രകുറിപ്പിൽ പറയുന്നു.
കണ്ടെടുത്ത പുരാവസ്തുക്കളിൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ ഈയിടെ കണ്ടിരുന്ന വസ്തുക്കളും ഉൾപ്പെടുന്നുണ്ട്.
ഇതിനു പുറമെ 1980 കളുടെ തുടക്കത്തിലാണ് മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നിന്ന് ഒരു സെലസ്റ്റിയൽ നർത്തകിയുടെ മണൽക്കല്ല് ശില്പം മോഷണം പോകുന്നത്. തിരികെ നല്‍കിയ പുരാവസ്തുക്കളിൽ ഈ ശിൽപ്പവും ഉൾപ്പെടുന്നുണ്ട്. മെറ്റിൻ്റെ രക്ഷാധികാരികളിലൊരാൾക്ക് അനധികൃതമായി വിൽക്കുകയും മ്യൂസിയത്തിന് സംഭാവന നൽകുകയും ചെയ്ത ശിൽപ്പമാണിതെന്നാണ് റിപ്പോർട്ട്.
നേരത്തെ സെപ്റ്റംബറിൽ വിവിധ കാലങ്ങളിലായി കള്ളക്കടത്തുകാരും മോഷ്ടാക്കളും ചേർന്ന് ഇന്ത്യയിൽ നിന്ന് കടത്തിയ 297 പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയിരുന്നു.
Leave a Comment