Kerala

കല്‍പ്പാത്തി രഥോല്‍ത്സവം: ആചാരം, അനുഷ്ഠാനം, തീയതി, ആഘോഷം: അറിയേണ്ടതെല്ലാം

പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു.

തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോല്‍ത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്.

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്‌മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ്- പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു.

ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്‍പ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്‍പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.

shortlink

Post Your Comments


Back to top button