കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ദിവസങ്ങൾ നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ വയനാടും ചേലക്കരയും പോളിംഗ് ബൂത്തിലേക്കെത്തുമ്പോൾ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. ചേലക്കരയിൽ ആറും വയനാട്ടിൽ 16 സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്.
ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമായിട്ടുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെട്ടത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് എന്നിവ വിന്യസിച്ചിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉൾപ്പടെയുളള മുഴുവൻ ദൃശ്യങ്ങളും ചിത്രീകരിക്കും. ഇരു മണ്ഡലത്തിലെ മുഴുവൻ പോളിങ് ബൂത്തുകളും ക്യാമറ നിരീക്ഷണത്തിലാണ്.
വോട്ടെടുപ്പ് പ്രക്രിയ തുടങ്ങുന്നത് മുതൽ പൂർത്തിയാകുന്നത് വരെ വോട്ട് ചെയ്യൽ ഒഴികെയുള്ള മുഴുവൻ നടപടികളും പ്രത്യേക കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിക്കാൻ കഴിയും. കള്ളവോട്ട് ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്. കള്ളവോട്ടും ആൾമാറാട്ടവും തടയാൻ പ്രത്യേക ആപ്പുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കും.
Post Your Comments