Kerala

ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ സമാധിയായി. ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളിൽ ഒരാളായിരുന്നു പുഷ്‌പാഞ്‌ജലി സ്വാമിയാർ (66) എന്നറിയപ്പെട്ടിരുന്ന പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥർ. ആർസിസിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്‌ജലിയടക്കം വിവിധ പൂജാകാര്യങ്ങളിൽ നടത്താനുള്ള അവകാശം മുഞ്ചിറമഠം മൂപ്പിൽ സ്വാമിയാർക്കും നടുവിൽമഠം മൂപ്പിൽ സ്വാമിയാർക്കുമാണ്. ഊഴം അനുസരിച്ച് ഇരുവരും പുഷ്‌പാഞ്ചലി സ്വാമിയാരായി ക്ഷേത്രാരാധന നടത്തുകയാണ് പതിവ്. മുഞ്ചിറമഠം പരമ്പരയിലെ 47-മത് സ്വാമിയാണ്. ബു​ധനാഴ്ച പകൽ ഇരിങ്ങാലക്കുട അവിട്ടത്തൂർ മഠത്തിൽ എത്തിച്ചശേഷം സമാധിക്രിയകൾ ആരംഭിക്കും.

ക്ഷേത്രചരിത്രത്തിൽ മുഖ്യസ്ഥാനമുള്ള എട്ടരയോഗത്തിന്റെ അദ്ധ്യക്ഷം വഹിച്ചിരുന്നതും ഉത്സവത്തിന് അനുജ്ഞ കൊടുക്കുന്നതും ചെയ്‌തിരുന്നത് പുഷ്‌പാഞ്ജലി സ്വാമിയാരാണ്. ശങ്കരാചാര്യരുടെ ശിഷ്യന്മാർ തൃശൂരിൽ നാല് മഠങ്ങൾ സ്ഥാപിച്ചിരുന്നു. തെക്കേ മഠം, വടക്കേ മഠം, നടുവിൽ മഠം,ഇടയിൽ മഠം എന്നിവയാണവ. ഇതിൽ ഇടയിൽ മഠം തൃക്കൈക്കാട്ട് മഠം ആയി മാറി. ഈ മഠത്തിന്റെ ശാഖയാണ് മുഞ്ചിറമഠം.

ചാലക്കുടി തിരുത്തിപ്പറമ്പ് തിരുത്തൂർമന അം​ഗമാണ്. കേന്ദ്ര എസ്–സി എസ്ടി വകുപ്പിലെ ഉദ്യോ​ഗസ്ഥനായിരുന്നു. 2000ൽ ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചശേഷം 2016ലാണ് സന്യാസദീക്ഷ സ്വീകരിച്ചത്. കന്യാകുമാരിയിൽ അന്യാധീനപ്പെട്ട് കിടന്ന മു‍ഞ്ചിറമഠം പോരാട്ടത്തിലൂടെ തിരിച്ചെടുത്ത വ്യക്തിയാണ് സ്വാമി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപത്തുള്ള മുഞ്ചിറമഠത്തിന്റെ സ്ഥലം കൈയേറിയതിനെതിരെ ശക്തമായ പ്രതിഷേധം നടത്തിയത് സ്വാമിയാണ്.

shortlink

Post Your Comments


Back to top button