തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പിന്റെ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.
അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര് ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര് കെ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
കോതമംഗലം മാര്‍ ബേസില്‍, തിരുനാവായ നവമുകുന്ദ എന്നീ സ്കൂളുകളോട് വിശദീകരണം തേടും. കായികമേളയുടെ സമാപനത്തില്‍ പോയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു.
നവമുകുന്ദ, മാര്‍ ബേസില്‍ സ്കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
Post Your Comments