കൊച്ചി : കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന സീപ്ലെയിന്‍ കേരളത്തിലെത്തി. കൊച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി.
ഡിഹാവ്‌ലാന്‍ഡ് കാനഡ എന്ന സീപ്ലെയിനാണ് ഇന്ന് ഉച്ചകഴിഞ്ഞ് കൊച്ചി കായലില്‍ വന്നിറങ്ങിയത്.
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ അനുഭവം പകരുന്ന സീ പ്ലെയിന്‍ കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കൽ. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീ പ്ലെയിന്‍ ഇറങ്ങുക.
കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നാളെ രാവിലെ 9. 30 ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കരയിലും വെള്ളത്തിലും പറന്നിറങ്ങാന്‍ ആവുന്ന ആംഫീബിയന്‍ വിമാനമാണ് സീ പ്ലെയിന്‍ പദ്ധിക്ക് ഉപയോഗിക്കുക.
കരയിലും വെള്ളത്തിലും ഒരേ പോലെ പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍. എല്ലാ ജില്ലകളിലും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാവും.
ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്ക് പുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയവ വാട്ടര്‍ ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുണ്ട്.
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിംഗ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 20, 30 സീറ്റുകളിലുള്ള ചെറുവിമാനങ്ങളാണിത്.
1200 രൂപയാണ് യാത്രയ്ക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് വിവരം. 250 കിലോ മീറ്റര്‍ 2000 രൂപ എന്ന നിലയില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കാനുമാകും.
Post Your Comments