കൊച്ചി: ക്ഷേത്രത്തിന് സമീപം യുവതി ആരംഭിച്ച ചിക്കൻ ബർഗർ കടയ്ക്കെതിരെ കളക്ടർക്ക് പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. ക്ഷേത്ര പരിസരത്ത് മാംസ ഭക്ഷണങ്ങൾ വിൽക്കുന്നതിനെതിരെ ഭക്തർ രംഗത്തെത്തിയിരുന്നു. എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഡർബാർ ഹാൾ ആർട്ട് ഗാലറി കോഫീഷോപ്പിലെ ചിക്കൻ, ചീസ് ബർഗറുകളുടെ വില്പനയാണ് വിവാദമാകുന്നത്. ഇതിനെതിരെ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
യുവതി ചിക്കൻ, ചീസ് ബർഗറുകളുടെ വില്പന നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഡർബാർ ഹാൾ ഗ്രൗണ്ടിന്റെ ഭാഗമായ ആർട്ട് ഗാലറിയിൽ മാംസഭക്ഷണങ്ങൾ വിൽക്കുന്നത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും കാണിച്ച് എറണാകുളം ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ ഇന്നലെ ജില്ലാ കളക്ടർക്ക് പരാതി നൽകി. നിരവധി ഭക്തർ പരാതി പറഞ്ഞിട്ടുണ്ടെന്നും സമരപരിപാടികൾ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
ഡർബാർ ഹാൾ ഗ്രൗണ്ട് എറണാകുളം ശിവക്ഷേത്രത്തിന്റെ പൂരപ്പറമ്പാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗ്രൗണ്ടിലെ ഫുഡ് സ്റ്റാളുകൾ മത്സ്യ, മാംസാദികൾ വിൽക്കരുതെന്ന വ്യവസ്ഥയോടെയാണ് ലേലം ചെയ്യുന്നത്. ഉത്സവവേളകളിൽ ഗ്രൗണ്ട് മൊത്തം ക്ഷേത്രത്തിന്റെ അധീനതയിലാകും. പകൽപ്പൂരവും മേളവും സാംസ്‌കാരിക പരിപാടികളും നടക്കുന്നത് ഇവിടെയാണ്. ക്ഷേത്രത്തിനും ഗ്രൗണ്ടിനും ഇടയ്ക്കുള്ള ഭാഗത്താണ് കൊച്ചി രാജാവിന്റെ ഡർബാർ ആയിരുന്ന ഡർബാർ ഹാൾ.
Post Your Comments