മുംബൈ : ഇന്ത്യൻ ചലച്ചിത്രനിർമ്മാണ മേഖലയുടെ മുഖവുര തന്നെ തിരുത്തിക്കുറിക്കുമെന്ന് കരുതപ്പെടുന്ന രാമായണവുമായി പ്രമുഖ നിർമ്മാതാവ് നമിത് മൽഹോത്ര എത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടുകൂടെ തിരശീലയിലേക്കെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരിയാണ്.
രണ്ട് ഭാഗങ്ങളായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൻ്റെ ഒന്നാം ഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലി റിലീസായും തീയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവും പ്രൈം ഫോക്കസ് സ്റ്റുഡിയോയുടെ അമരക്കാരനുമായ നമിത് മൽഹോത്ര ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
5000 വര്‍ഷത്തിലധികമായി ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ള ഈ ഇതിഹാസം വെള്ളിത്തിരയിലേക്കെത്തുമ്പോൾ നാളിതുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിസ്മയത്തിനായാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്നത്.
ഇതിഹാസകാവ്യമായ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്‍ബീര്‍ കപൂര്‍ നായകനും സായ് പല്ലവി നായികയുമായി എത്തുന്നു.
പ്രൈം ഫോക്കസ് സ്റ്റുഡിയോയുടെ മാർഗ്ഗദർശി എന്ന നിലയിൽ ഹോളിവുഡിലെ എക്കാലത്തെയും വൻ ചിത്രങ്ങളായ ‘ഡ്യൂൺ’, ‘ഇൻസെപ്ഷൻ’ സമീപകാല ഹിറ്റ് ചിത്രമായ ‘ദി ഗാർഫീൽഡ് മൂവി’ എന്നീ ചിത്രങ്ങളിൽ ഭാഗവാക്കായ നിർമാതാവ് നമിത് മൽഹോത്ര ‘ആംഗ്രി ബേബീസ് 3’ യും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ദൃശ്യാവിഷ്ക്കാര രംഗത്തെ അതിശയകരമായ ദീർഘവീക്ഷണം ഇപ്പോൾ തന്നെ അദ്ദേഹത്തെ ഹോളിവുഡിലെ ഒഴിച്ചുകൂടാനാവാത്ത ഇന്ത്യൻ സാന്നിധ്യമായി മാറ്റിയിരിക്കുന്നു.
5000 വർഷത്തിലേറെയായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ ഇടംനേടിയ ഈ ഇതിഹാസം ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരുന്നതിനുള്ള ആഗ്രഹം ഒരു ദശാബ്ദത്തിന് മുന്നേ താൻ ആരംഭിച്ചതാണ്. ഇന്ന് നമ്മുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെ അത് മനോഹരമായി രൂപപ്പെടുന്നത് കാണുന്നതിൽ താൻൻ ആവേശഭരിതനാണെന്ന് നമിത് മല്‍ഹോത്ര സമൂഹ മാധ്യമങ്ങളിൽ പറഞ്ഞു.
മഹത്തായ ഈ ഇതിഹാസം അഭിമാനത്തോടെയും ആദരവോടെയും ബിഗ് സ്ക്രീനിലേക്ക് കൊണ്ടുവരിക എന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരൂവെന്നും നമിത് മല്‍ഹോത്ര സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Post Your Comments