പെരുമ്പാവൂർ : ആസാം ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ആസാമിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൗൺ ജൂറിയ സിനിയാഗോൺ സ്വദേശി മൊൺജിറുൽ ഹൊക്കീം (32)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂർ മേഖലയിലാണ് മാതാപിതാക്കളുമൊത്ത് പെൺകുട്ടി താമസിക്കുന്നത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മൊബൈലിൽ പകർത്തുകയും ചെയ്തു. സംഭവ ശേഷം പ്രതി എറണാകുളത്തേക്ക് കടന്നു.
പോലീസ് അന്വേഷിക്കുന്നുവെന്നറിഞ്ഞ് ട്രയ്നിൽ അസമിലേക്ക് തിരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം എസ്ഐമാരായ കെ. ജി ദിനേശ് കുമാർ, എൻ. കെ ബിജു, സീനിയർ സിപിഒ ബിനീഷ് ചന്ദ്രൻ എന്നിവർ പ്രതിയെ പിന്തുടർന്ന് ആസാമിലെത്തി.
ഉൾഗ്രാമത്തിലായിരുന്നു ഇയാളുടെ താമസം. അവിടെ താമസിച്ച് അന്വേഷിച്ചാണ് വീടുകണ്ടെത്തിയത്. തീർത്തും ഗ്രാമപ്രദേശമായതുകൊണ്ടും, ആളുകളുടെ എതിർപ്പുകാരണവും പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടു പോരുക എളുപ്പമായിരുന്നില്ല.
ഒടുവിൽ ജൂറിയ പോലീസിൻ്റെ സഹായത്തോടെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയപ്പോൾ എതിർത്ത് രക്ഷപ്പെടുവാനും ശ്രമമുണ്ടായി. പെരുമ്പാവൂരിലെത്തിച്ച ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Leave a Comment