Kerala

ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് സ്ത്രീയെന്ന പരിഗണനയിൽ : പിതാവ് ഹൃദ്രോഗിയാണെന്നതും കോടതി പരിഗണിച്ചു

കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്നു ദിവ്യ

കണ്ണൂര്‍ : സ്ത്രീയെന്ന പരിഗണന നല്‍കിയാണ് പി പി ദിവ്യക്ക് ജാമ്യം നല്‍കിയത്. കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്ന് ജാമ്യ ഉത്തരവില്‍ വ്യക്തമായി പറയുന്നു. ദിവ്യയുടെ പിതാവ് ഹൃദ്രോഗിയാണെന്നതും കോടതി പരിഗണിച്ചു. ഇത് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിന് കൂടുതൽ സഹായകരമായി.

കൂടാതെ ഇനിയും കസ്റ്റഡിയില്‍ വേണം എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് എഡിഎം. കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് ജാമ്യം അനുവദിച്ചത്.

രണ്ടാള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം, കണ്ണൂര്‍ ജില്ല വിട്ട് പോകാന്‍ പാടില്ല എന്നീ വ്യവസ്ഥകളോടെയാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ പതിനൊന്ന് ദിവസമായി പള്ളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായിരുന്നു ദിവ്യ. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
ഒക്ടോബര്‍ 29-നാണ് ദിവ്യയെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ദിവ്യ പോലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ദിവ്യയ്ക്കെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം.

അതേ സമയം ദിവ്യ സിപിഎം കേഡറാണെന്നും ദിവ്യക്ക് ഒരു തെറ്റുപറ്റിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഗോവിന്ദൻ പറഞ്ഞു. ദിവ്യ ആ തെറ്റ് തിരുത്തി മുന്നോട്ടു പോകുമെന്നും ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്നുമാണ് ഗോവിന്ദൻ വ്യക്തമാക്കിയത്.

എന്നാൽ പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീൻ കുമാറിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button