ഡോക്ടര്‍മാരുടെ പരിശോധന മുറിയില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി : എംഎല്‍എ പിവി അന്‍വറിനെതിരെ കേസ്

ഒപി റൂമിലേക്ക് കാമറയോടൊപ്പം കയറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്റെ ജോലി തടസ്സപ്പെടുത്തും വിധം അൻവർ കയര്‍ത്തു സംസാരിച്ചു

ചേലക്കര:  ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ പരിശോധന മുറിയില്‍ അതിക്രമിച്ചുകയറി ഡോക്ടര്‍മാരോട് തട്ടികയറിയ സംഭവത്തിൽ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

അതേ സമയം അൻവറിൻ്റെ പ്രവൃത്തിയില്‍ കെജിഎംഒഎ. പ്രതിഷേധിച്ചു. പരിശോധന മുറിയില്‍ ദൃശ്യമാധ്യമങ്ങളോടൊപ്പം അതിക്രമിച്ചു കയറി ഡോക്ടര്‍മാരുടെ നേരെ തട്ടിക്കയറിയ പി വി അന്‍വറിന്റെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായും കെജിഎംഒഎ അറിയിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ബ്ലോക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു എന്ന വസ്തുതയെ മറച്ചു വച്ച എംഎല്‍എ സൂപ്രണ്ട് 10 മണിയായിട്ടും ഓഫീസിലെത്തിയില്ല എന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് ഒപി റൂമിലേക്ക് കാമറയോടൊപ്പം കയറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പീഡിയാട്രീഷ്യന്റെ ജോലി തടസ്സപ്പെടുത്തും വിധം കയര്‍ത്തു സംസാരിച്ചു.

രോഗികളെ അതിവേഗം നോക്കിയവസാനിപ്പിക്കുന്നത് പ്രൈവറ്റ് ക്ലിനിക്കിലേക്ക് പോകാനാണ് എന്ന തെറ്റായ ആരോപണമുന്നയിച്ച് ഡോക്ടറെ രോഗികളുടെ മുന്‍പില്‍ അപമാനിക്കുകയുമായിരുന്നുവെന്നും സംഘടന ആരോപിച്ചു.

കൂടാതെ രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാല്‍ ഡോക്ടറുടെ പരിശോധനാ മുറിയില്‍ വിഡിയോ ചിത്രീകരണം പാടില്ലെന്നിരിക്കേ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടറെ അപമാനിക്കുന്ന രീതിയില്‍ വിഡിയോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും കെജിഎംഒഎ ആരോപിച്ചു.

അതേ സമയം ദിവസേന 700 ഓളം രോഗികള്‍ വരുന്ന ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഇപ്പോഴും ആനുപാതികമായി ഡോക്ടര്‍മാര്‍ ഇല്ല എന്നതാണ് വസ്തുത. രണ്ട് ഗൈനക്കോളജിസ്റ്റുണ്ടെങ്കിലും അനസ്‌തെറ്റിസ്റ്റിന്റെ പോസ്റ്റില്ല, കാഷ്വല്‍റ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്ല.

ഇത്രയും പരിമിതികള്‍ക്കിടയിലും ദിവസേന 700 ഓളം രോഗികള്‍ക്ക് സേവനം ചെയ്യുന്ന ഡോക്ടര്‍മാരെ പൊതുജനമധ്യത്തില്‍ അകാരണമായി ആക്ഷേപിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും കെജിഎംഒഎ തൃശ്ശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു.

Share
Leave a Comment