സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും പറയപ്പെടുന്നു. ഉഗ്ര ഭാവത്തിൽ ഹിരണ്യ കശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 6 അടി ഉയരമുള്ള ചതുർബാഹുവായ വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഏകഛത്രാധിപതി ഭാവത്തിലാണ് വാഴുന്നത്.
മതിൽ കെട്ടിനകത്ത് അതിനാൽ തന്നെ ഉപദേവതമാരാരും ഇല്ല. മതിലിന് പുറത്ത് മഹാവിഷ്ണുവിന്റെയും പാർത്ഥസാരഥിയുടെയും കൊച്ചമ്പലങ്ങൾ ഉണ്ട്. ത്രേതായുഗത്തിൽ ജടായുവിന് വെട്ടേറ്റ് നടുഭാഗം വീണ സ്ഥലമാണിത് എന്നാണ് വിശ്വാസം. വായ വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണ് എന്നാണ് ഐതീഹ്യം. എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പെരുമ്പാവൂർ ഐക്കര നാട്ടിൽ നിന്നും തോണിയിൽ ഓലക്കുട ചൂടിയാണ് വിഗ്രഹം കൊണ്ടുവന്നത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ആക്രമിക്കപ്പെട്ട രീതിയിൽ തന്നെയാണ് കൊച്ചമ്പലത്തിലെ വിഗ്രഹങ്ങൾ ഇപ്പോഴും നിലകൊള്ളുന്നത്. കടുങ്ങല്ലൂര്‍ ദേവസ്വം ട്രസ്റ്റിന്റെ ഭരണം നാല് ഊരാഴ്മക്കാരുടെ കീഴിലാണ്. മേടമാസത്തിലെ വിഷുവിന്റെ തലേന്ന് മുതൽ ഏഴ് ദിവസം ആണ് ഉത്സവം. നവംബറിൽ ദശാവതാരം ചന്ദനം ചാർത്ത് വിശേഷമാണ്. മണ്ഡലകാലം, ഓണം എന്നിവ പ്രധാന ദിനങ്ങളായി ആഘോഷിക്കുന്നു. എല്ലാമാസവും തിരുവോണം ഊട്ട് നടക്കുന്നു.
Leave a Comment