India

സുക്മയിൽ പോലീസുകാരെ ആക്രമിച്ച് നക്‌സലൈറ്റുകൾ തോക്കുകളുമായി കടന്നു കളഞ്ഞു : എകെ 47, എസ്എൽആർ തോക്കുകൾ നഷ്ടമായെന്ന് സേന 

ജഗർഗുണ്ട ഗ്രാമത്തിലെ മാർക്കറ്റിൽ സുരക്ഷാ ഡ്യൂട്ടിക്കായി പോലീസിനെ വിന്യസിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്

സുക്മ :ഛത്തീസ്ഗഡിലെ കലാപബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു മാർക്കറ്റിൽ നക്‌സലൈറ്റുകൾ രണ്ട് ഛത്തീസ്ഗഡ് പോലീസ് കോൺസ്റ്റബിൾമാരെ ആക്രമിച്ച് തോക്കുകളുമായി കടന്നു കളഞ്ഞു. മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ജഗർഗുണ്ട ഗ്രാമത്തിലെ മാർക്കറ്റിൽ സുരക്ഷാ ഡ്യൂട്ടിക്കായി പോലീസിനെ വിന്യസിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്. പോലീസുകാരുടെ പക്കൽ ഉണ്ടായിരുന്ന ഒരു എകെ 47, ഒരു എസ്എൽആർ തോക്കും അവർ കൈക്കലാക്കിയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

പരിക്കേറ്റ രണ്ട് കോൺസ്റ്റബിൾമാരെയും ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ വിമാനമാർഗം റായ്പൂരിലെത്തിക്കുകയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സുക്മ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലെ ആഴ്ചച്ചന്തകളിൽ നിലയുറപ്പിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിരവധി തവണ നക്സലൈറ്റുകൾ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button