കൊല്ലം : കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ അബ്ബാസ് അലി ,ദാവൂദ് സുലൈമാന്‍ , കരിം രാജ എന്നിവരാണ് കുറ്റക്കാര്‍.
പ്രതികള്‍ക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. അതേ സമയം ശിക്ഷാ വിധി കേള്‍ക്കാന്‍ പ്രതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല.
വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം പ്രതികളെ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, സ്‌ഫോടകവസ്തു നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. 161 രേഖകളും 26 തൊണ്ടിമുതലുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.
കേസില്‍ പ്രതികളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കോടതി തേടിയിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ എട്ടുവര്‍ഷമായി ജയിലിലാണിവർ.
2016 ജൂണ്‍ 15നാണ് കേസിന് ആസ്പദായ സംഭവം. കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ഉപയോഗശൂന്യമായി കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനടിയില്‍ ബോംബ് സ്ഥാപിച്ചാണ് സ്‌ഫോടനം നടത്തിയത്.
സംഭവം അന്വേഷിച്ച കേരള പോലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. എന്നാൽ വെല്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ എന്‍ഐഎ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments