പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴിയെ തള്ളി ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ. ഇപ്പോഴും കളക്ടറുടെ മൊഴിയെ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അവർ പറഞ്ഞു.
ചടങ്ങിൽ നവീൻ ബാബുവിനെ പി.പി ദിവ്യ ആക്ഷേപിക്കുമ്പോൾ കളക്ടർ ചെറു ചിരിയോടെ ഇരുന്നത് ഒരിക്കലും സഹിക്കാനാവാത്തതാണ്. ചടങ്ങിന് ശേഷം തൻ്റെ ഭർത്താവിനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കളക്ടർ തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.
കൂടാതെ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോയിൽ കണ്ണൂർ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്ന് അദ്ദേഹത്തോട് പറഞ്ഞത്. ഒരാൾ അവിടെ മാനസികമായി തകർന്ന് ഇരിക്കുമ്പോൾ കളക്ടർ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ആ ചടങ്ങിന് ശേഷം ഒന്ന് സമാധാനിപ്പിച്ചാൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു എന്നും ഭാര്യ പറഞ്ഞു.
കൂടാതെ കളക്ടറുമായി സൗഹൃദമില്ലായിരുന്നു എന്ന് തനിക്ക് വ്യക്‌തമായി അറിയാമെന്നും ഭാര്യ പറഞ്ഞു. അവധി പോലും ചോദിക്കാൻ മടിയുള്ള ഒരാളിനോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെ ഒരു മൊഴി ഉണ്ടായതിന്റെ കാരണമാണ് മനസ്സിലാവാത്തതെന്ന് ഭാര്യ പറഞ്ഞു.
യാത്രയയപ്പ് ദിവസം പി. പി. ദിവ്യ അധിക്ഷേപിച്ച ശേഷം കളക്ടറോട് നവീന്‍ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
അതേ സമയം പി.പി. ദിവ്യക്കെതിരേ ഇതുവരെയുള്ള നടപടികളിൽ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.
Post Your Comments