ദുബായ് : ഈ വർഷം ഡിസംബറിൽ യുഎഇയിലെ അൽഐൻ നഗരത്തിൽ ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡ് നടക്കും. പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു.
ഈ ഒരുക്കങ്ങളുടെ ഭാഗമായി നവംബർ 1 വെള്ളിയാഴ്ച മുതൽ അൽ ഐൻ സിറ്റിയിൽ വിമാനങ്ങളും, കവചിത വാഹനങ്ങളും മൂലമുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളും വർദ്ധിച്ച പ്രവർത്തനങ്ങളും പ്രതീക്ഷിക്കാമെന്ന് പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെയും പൗരന്മാരെയും, നിവാസികളെയും സംരക്ഷിക്കാനുള്ള യുഎഇ സായുധ സേനയുടെ അർപ്പണബോധവും വിപുലമായ കഴിവുകളും പ്രതിഫലിപ്പിക്കുന്ന ഒരു അതുല്യമായ ലൈവ് പരേഡ് നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്തിൻ്റെ പൗരന്മാരുടെയും സായുധ സേനാംഗങ്ങളുടെയും അഭിമാനം ഉയർത്തുക, സൈനിക വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ഉയർത്തിക്കാട്ടുക, പ്രതിരോധ മന്ത്രാലയം, സുരക്ഷാ ഏജൻസികൾ, യുഎഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സൈനിക പരേഡ് കൊണ്ട് ലക്ഷ്യമിടുന്നത്.
അൽ ഐൻ സിറ്റിയിൽ നിന്നോ, പ്രധാന പ്ലാറ്റ്ഫോമിൻ്റെയും ഇവൻ്റ് ഏരിയയുടെയും ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന വലിയ സ്ക്രീനുകൾ വഴിയോ പൊതുജനങ്ങൾക്ക് ഈ പരേഡ് നേരിട്ട് ആസ്വദിക്കാൻ കഴിയുന്നതാണ്.
Post Your Comments