നാഗ്പൂർ : ഓഫീസിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ .നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിലാണ് സംഭവം.ഒരു വർഷം മുൻപാണ് പിയൂഷ് ഇംഗോളെ വനഡോംഗ്രി ബ്രാഞ്ചിൽ പോസ്റ്റ് മാസ്റ്റർ ആയി ചുമതലയേൽക്കുന്നത്. തനിക്ക് മുൻപ് അവിടെ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥൻ ആധാർ കാർഡുകൾ ഉടമസ്ഥർക്ക് വേണ്ട രീതിയിൽ വിതരണം ചെയ്തിരുന്നില്ല.
തുടർന്ന് ചാക്കുകളിലായിട്ടായിരുന്നു ഇവ കെട്ടിവെച്ചിരുന്നത്. ഇത് പിന്നീട് അർഹരായവരുടെ കൈകളിൽ എത്തിക്കേണ്ട ചുമതല ഇംഗോളെക്കായിരുന്നു.എന്നാൽ തന്റെ അമിതജോലിഭാരം മുന്നിൽകണ്ട ഇയാൾ പാലത്തിൽ നിന്ന് ആരും കാണാതെ ചാക്കിൽകെട്ടിവെച്ച ആധാർ കാർഡുകൾ വേന നദിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ തപാൽ വകുപ്പിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
നദിയിൽ ഒഴുകി നടന്ന ആധാർ കാർഡുകൾ ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്. മൂന്ന് ചാക്കുകളിലായി എണ്ണൂറോളം ആധാർ കാർഡുകളാണ് വേനാ നദിയിലെ പാലത്തിൽ വെച്ച് പീയുഷ് ഇംഗോളെ എറിഞ്ഞത്.
Leave a Comment