തിരുവനന്തപുരം: ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ എഡിഎം നവീൻ ബാബു ചട്ടവിരുദ്ദമായി ഒന്നും ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. പ്രശാന്തന്റെ പെട്രോൾ പമ്പിന് നിയമപരമായാണ് എൻഒസി നൽകിയത്, അതിന് കാലതാമസം വരുത്തുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തതായി തെളിവുകളില്ലെന്നും ജോയിന്‍റ് കമ്മീഷണർ കണ്ടെത്തി. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതു സംബന്ധിച്ച ഫയലുകളില്‍ കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബു നിയമപരമായ നടപടികളാണു സ്വീകരിച്ചതെന്നു ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
അന്വേഷണ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. ഇതോടെ പിപി ദിവ്യയുടെ വാദങ്ങള്‍ കൂടുതല്‍ പൊളിയുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ടെന്നാണ് സൂചന. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു.
അതേ സമയം, റവന്യൂവകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ പി പി ദിവ്യ തയ്യാറായിട്ടില്ല. ഇതും ദുരൂഹമാണ്.കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.
മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ല.പരിയാരം ഗവ മെഡിക്കൽ കോളേജിൽ ജീവനക്കാരനായിരിക്കെയാണ് ടി.വി.പ്രശാന്ത് പെട്രോൾ പമ്പിന് അപേക്ഷ നൽകിയത്. ഇതിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും.
Post Your Comments