Kerala

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി; കളക്ടറുടെ മൊഴിയെടുക്കാന്‍ അനുമതി തേടി പൊലീസ്

എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയിരിക്കുന്നത്. നവീന്റെ മരണത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറുമെന്നാണ് വിവരം.

പ്രാഥമിക അന്വേഷണത്തില്‍ നവീന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ഏറെ നിര്‍ണായകമാണ്. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെ കൂടി അന്വേഷണ പരിധിയിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ തന്നെയാണ് നവീന്‍ ബാബുവിന്റെ കുടുംബവും സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത കൂടുതല്‍ ജീവനക്കാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ഓഫീസിലെ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പി പി ദിവ്യയുടെ പരാമര്‍ശങ്ങളെക്കുറിച്ച് കളക്ടര്‍ക്ക് മുന്‍കൂര്‍ അറിവെന്ന് സംശയിക്കുന്നതായുംകളക്ടര്‍ ഇടപെടാതിരുന്നത് ഞെട്ടിച്ചിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്ന പിപി ദിവ്യയുടെ വാദവും ജീവനക്കാര്‍ നിരാകരിക്കുന്നു.

ദിവ്യയെ ക്ഷണിച്ചതായി സ്റ്റാഫ് കൗണ്‍സിലില്‍ ആര്‍ക്കും അറിവില്ലെന്നും ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറെ മാറ്റാന്‍ സമ്മര്‍ദമേറുകയാണ്. സിപിഐ നേതാക്കള്‍ റവന്യൂ മന്ത്രിയെ അതൃപ്തി അറിയിച്ചു. അതിനിടെ പിപി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമോ എന്നതില്‍ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം ഉണ്ടായേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button