SpiritualityTravel

പ്രഭാസിലെ സൂര്യക്ഷേത്രം: സൗരാഷ്ട്രത്തിലൂടെ അദ്ധ്യായം 12

ജ്യോതിര്‍മയി ശങ്കരന്‍

സൂര്യക്ഷേത്രം എന്നു പറയുമ്പോള്‍ മനസ്സിലേയ്ക്ക് ആദ്യമെത്തുന്നത് ഒറീസ്സയിലെ കൊണാര്‍ക്കിലെ സൂര്യക്ഷേത്രമാ‍ണല്ലോ? സന്ദര്‍ശകമനസ്സില്‍ ഇത്രയേറെ വിസ്മയം വളര്‍ത്തുന്ന മറ്റൊരു സൂര്യക്ഷേത്രം ഉണ്ടാ‍കില്ല.വര്‍ഷങ്ങൾക്കു മുന്‍പാണ് അതു സന്ദര്‍ശിയ്ക്കാനുള്ള ഭാഗ്യമുണ്ടായത്. ഗുജറാത്തില്‍ തന്നെ മൊധേറയിലെ സൂര്യക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള നിരവധി പടവുകളോടു കൂടിയ കിണറും(Stepwell) അതേ പോലെ തന്നെ വിസ്മയാവഹമാണെന്നറിഞ്ഞിരുന്നെങ്കിലും ഈ യാത്രയില്‍ അതിനെ ഉള്‍ക്കൊള്ളിയ്ക്കാന്‍ കഴിയാഞ്ഞതില്‍ സങ്കടം തോന്നി.

ഗ്വാളിയോറിലും റാഞ്ചിയിലും ജമ്മുവിലും ഗയയിലും ദക്ഷിണേന്തയില്‍ തമിഴ് നാട്ടിലുമെല്ലാം സൂര്യക്ഷേത്രങ്ങളുണ്ടെന്നറിയാം. ഇന്ത്യയിലെ മിക്ക സൂര്യക്ഷേത്രങ്ങളുടേയും പ്രത്യേകതയെന്തെന്നാല്‍ അവയെല്ലാം തന്നെ സ്ഥിതിചെയ്യുന്നത് ഏതാണ്ട് 23 ഡിഗ്രി നോര്‍ത്ത് ലാറ്റിട്ട്യൂഡിലാണെന്നതാണ്. അതായത് സമ്മര്‍ സോള്‍സ്റ്റോയ്സ് സമയത്ത് സൂര്യരശ്മി നേരിട്ട് ഗര്‍ഭഗൃഹത്തിലെ വിഗ്രഹങ്ങളില്‍പ്പതിയ്ക്കുന്ന അപൂര്‍വ്വ കാഴ്ച്ച ഇവിടങ്ങളിലെല്ലാം നമുക്കു കാണാനാകും.

സോമനാഥ ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ ത്രിവേണീ സംഗമത്തിന്നടുത്താണീ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറയത്തക്കവണ്ണം യാതൊരുവിധ പ്രത്യേകതകളുമില്ലാത്ത ഈ സൂര്യക്ഷേത്രം സന്ദര്‍ശകര്‍ക്കുള്ള ലിസ്റ്റില്‍ വരുന്നെന്നു മാത്രമോ?.ഇതും സോമനാഥ്ക്ഷേത്രത്തെപ്പോലെത്തന്നെ കാലപ്പഴക്കമുള്ളതാണെന്നനുമാനിയ്ക്കപ്പെടുന്നു. പ്രകൃതിയെ നന്മയ്ക്കായി മനുഷ്യന്‍ ആരാധിച്ചിരുന്ന കാലത്ത് ഉണ്ടാക്കിയ ഈ ആരാധനാകേന്ദ്രം. പിന്നീട് മുസ്ലിം അധിനിവേശക്കാലത്ത് ഈ സൂര്യ ക്ഷേത്രവും മുഹമ്മദ് ഘസ്നിയാ‍ല്‍ തകര്‍ക്കപ്പെട്ടെന്നു പറയപ്പെടുന്നു

പടവുകള്‍ കയറി സൂര്യമന്ദിര്‍ എന്നെഴുതിയിരിയ്ക്കുന്ന ചുവന്ന കവി നിറത്തിലെ ക്ഷേത്രത്തിനു മുന്നിലെത്തി.കൊത്തുവേലകളുള്ള തൂണുകളും രൂപങ്ങളും നിറഞ്ഞ മന്ദിരം.500 വര്‍ഷം പഴക്കമുള്ളതാണീ മന്ദിരമെന്നും ഇവിടെയും ഒരു സ്റ്റെപ് വെല്‍ ഉണ്ടെന്നും ആരോ പറഞ്ഞതും കാ‍ണാനായില്ല.

അകത്ത് സൂര്യഭഗവാന്റെ രൂപം ചുമരിലും താഴെയും പതിപ്പിച്ചിരിയ്ക്കുന്നത് കാണാം.മനസ്സുകൊണ്ട് ആദിത്യഹൃദയം ഉരുവിട്ടു:

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

അവിടെ ഇരുന്ന സ്ത്രീ കുങ്കുമ പ്രസാദത്തിനൊപ്പം തന്നെ കൈയില്‍ ചുവപ്പും മഞ്ഞയും നിറത്തിലുളള ചരടും കെട്ടിത്തന്നു.

നിത്യവും ചൊല്ലുന്ന നവഗ്രഹസ്തോത്രത്തിലെ സൂര്യസ്തുതി മനസ്സിലുണര്‍ന്നു:

ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം
തമോ രിം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം.

കശ്യപന്റെയും അദിതിയുടെയും പുത്രന്‍,. ദിനരാത്രങ്ങളെ സൃഷ്ടിയ്ക്കുന്നവന്‍. പ്രപഞ്ചാധിപതിയായ സൂര്യഭഗവാനേ…നമിയ്ക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button