ജ്യോതിര്‍മയി ശങ്കരന്‍
സൂര്യക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി ഇടതു ഭാഗത്തേയ്ക്കിറങ്ങിയാല്‍ പഞ്ചപാണ്ഡവ ഗുഹയിലെത്താം.ലാൽഘടി എന്ന സഥലത്തിനടുത്താണിത് സ്ഥിതി ചെയ്യുന്നത്..ഇവിടെ വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ഒളിച്ചു താമസിച്ച് ശിവനേയും ദുർഗ്ഗയേയും തപസ്സുചെയ്തിട്ടുണ്ടെന്നാണു സങ്കല്‍പ്പം .
പഞ്ചപാണ്ഡവരുടേതെന്നു പറയപ്പെടുന്ന എത്രയോ ഗുഹകളും ആരാധനാലയങ്ങളും ജലാശയങ്ങളും നാടിന്റെ വിവിധഭാഗങ്ങളിലായി നാമകരണം ചെയ്യപ്പെട്ട് സംരക്ഷിച്ചു വരുന്നു. ഇവിടെ കണ്ട ഗുഹ പഞ്ചപാണ്ഡവരുടെതെന്നു വിശ്വസിയ്ക്കാൻ പ്രയാസം തോന്നും വിധം അത്ര ചെറുതായിത്തോന്നി. സൂര്യക്ഷേത്രത്തിൽ നിന്നും പടികളിറങ്ങിയാലെത്തുന്ന ഹാളിലുണ്ടാക്കിയിരിയ്ക്കുന്ന പ്രത്യേകതയാർന്ന വിളക്കുമാടം ചുറ്റി നീണ്ട ക്യൂ അകത്തെ ഗുഹയിലേയ്ക്കിറങ്ങാൻ തയ്യാറായി നിൽക്കുന്നു. ഒരേസമയം അധികം പേർക്ക് ഉള്ളിൽക്കടക്കാനാകില്ല.
മൊസൈക്കിട്ട വീതികുറഞ്ഞ പടികളിലൂടെ ഒരു സമയം ഒരാൾക്കേ താഴെ ഇറങ്ങാനാകൂ. പിന്നിലായി രണ്ടുമൂന്നുപേർക്കു കൂടി പോകാനേ കഴിയൂ. അവർ അകത്തു കടന്നു ദർശനം നടത്തി തിരിച്ചു പോന്നാലേ മറ്റുള്ളവർക്കു കയറാനാകൂ. ആദ്യത്തെ നാലുപടികൾ ഇറങ്ങിയാൽപ്പിന്നെ നിരങ്ങിത്തന്നെ ഉള്ളിലെത്തണം. ക്യൂവില്‍ നിന്നുമെല്ലെ ഗുഹാദ്വാരത്തിലെത്തി. ഗുഹാദ്വാരത്തിനു മുകളിലും വശങ്ങളിലും പതിപ്പിച്ചിരിയ്ക്കുന്ന നിറമാർന്ന ഇഷ്ടികക്കഷ്ണങ്ങളിൽ “ സിദ്ധനാഥ് മഹാദേവ്“ ജയ് മാതാദി “എന്നൊക്കെ എഴുതിയിരിയ്ക്കുന്നതു കാണാൻ കഴിഞ്ഞു..ഉള്ളിലെയ്ക്കിറങ്ങാന്‍ ശരിയ്ക്കും ഇരുന്നു നിരങ്ങണം.
അകത്തു കടന്നാലും തട്ടുയരമില്ലാത്താതിനാല്‍ മുട്ടുകുത്തിത്തന്നെ മുന്നോട്ടു നീങ്ങണം. പാഞ്ചപാണ്ഡവരുടെയും കൂടെ അവരുടെ ആരാധനാമൂര്‍ത്തികളായ ശിവന്റെയും ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍, ദുര്‍ഗ്ഗ എന്നിവരുടെയും വിഗ്രഹങ്ങള്‍ ഇവിടെക്കാണാം.അധികനേരം അവിടെ നിന്നാല്‍ ശ്വാസം കഴിയ്ക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ വേഗംതൊഴുത് തിലകക്കുറിയും മേടിച്ച് ഇഴഞ്ഞു തന്നെ പുറത്തു കടന്നു.
പുരാണങ്ങൾ സത്യങ്ങളായി മുന്നിൽ വരുമ്പോൾ പലപ്പോഴും ഉയരുന്ന സംശയങ്ങൾ ആരോടു ചോദിയ്ക്കുമെന്നോർക്കാറുണ്ട്. കാരണം അവ തമ്മിലെ ചേർച്ചക്കുറവു തന്നെ. അൽപ്പം തടിയുള്ള ഇന്നത്തെ ഒരു സാധാരണക്കാരനു കടക്കാനാകാത്ത ദ്വാരത്തിലൂടെ എത്രയും ഭീമാകാരത്തിലുള്ളവർ എങ്ങിനെ കടന്നിരിയ്ക്കും? അവർക്കവിടെ ഒന്നിച്ചിരിയ്ക്കാനുള്ളത്ര ഇടമില്ലല്ലോ ഉള്ളിൽ? വിശ്വാസങ്ങൾക്കു മുന്നിൽ ചോദ്യങ്ങൾ തകർന്നടിയുന്നു. മനസ്സിൽ പഞ്ചപാണ്ഡവർ ചിരിച്ചു നിൽക്കുന്നു. കേരളത്തിലെ ചെങ്ങന്നൂരിനടുത്തുള്ള. പാണ്ഡവൻ പാറ എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടേ ഉള്ളൂ. ഒന്നു പോയിക്കാണണമെന്നിപ്പോൾ തോന്നുന്നു.
ബകാസുരനെ ഭീമൻ കൊന്ന ഏകചക്ര നിലമ്പൂരിലാണെന്ന് നമ്മൾ പറയുമ്പോൾ കർണ്ണാടകയിലെ ചിക്കബല്ലാപ്പൂരിലാണെന്നും അവകാശപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിലും ഇതുപോലെ പഞ്ചഗനിയിലെ ഒരു ടേബിൾ ലാൻഡിൽ തുറന്ന സ്ഥലത്തു കാണപ്പെടുന്ന എപ്പോഴും വെള്ളം തളം കെട്ടി നിൽക്കുന്ന .പാണ്ഡവരുടെ കാലടിപ്പാടുകൾ ഒരു അത്ഭുതമായി ഇന്നും മനസ്സിൽ കാണാനാകുന്നു. ഒരനുഭവമായി ഈ ഗുഹയും മനസ്സില്‍ക്കിടക്കാതിരിയ്ക്കില്ല.
Post Your Comments