ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്, മൃതദേഹം അര്‍ജുന്റേത് തന്നെ

ഷിരൂര്‍: ഷിരൂര്‍ ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്‍ജുന്റെത് തന്നെയെന്ന് ഡിഎന്‍എ ഫലം. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോടേക്ക് കൊണ്ടുപോകും. രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം, അതിനനുസരിച്ചാവും കാര്‍വാറില്‍ നിന്ന് മൃതദേഹവുമായി പുറപ്പെടുകയെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ 7 ദിവസം വരെ വ്യാപക മഴ

അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ടാകും. കര്‍ണാടക പൊലീസും യാത്രയില്‍ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുക.

ഇന്നലെ വൈകിയാണ് സാമ്പിള്‍ ഫൊറന്‍സിക് ലാബില്‍ എത്തിച്ചത്. രാവിലെ മുതല്‍ പരിശോധനയും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ ഷിരൂര്‍ ദുരന്തമുഖത്ത് നിഴലിച്ചത് ഉള്ളുലഞ്ഞ കാഴ്ചകളായിരുന്നു. ക്യാബിനുള്ളില്‍ മകനായി അര്‍ജുന്‍ കരുതിവെച്ച കുഞ്ഞുലോറിയും വസ്ത്രങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു.

ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തശേഷം ലോറി പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് അര്‍ജുന്‍ അവസാനമായി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ മകന്റെ കളിപ്പാട്ടവും കണ്ടെത്തിയത്. വീട്ടില്‍ മകനോടൊപ്പം കളിച്ച ശേഷം യാത്ര പോകുമ്പോള്‍ കളിപ്പാട്ട ലോറി ക്യാബിനില്‍ അര്‍ജുന്‍ വയ്ക്കുന്നത് പതിവായിരുന്നു.

 

Share
Leave a Comment