കൊച്ചി: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെ യുവതിക്ക് ഷോക്കേറ്റു. എറണാകുളം പറവൂരിനടുത്ത് കെഎസ്ഇബിയുടെ ചാർജിംഗ് സ്റ്റേഷനിൽ നിന്നും കാർ ചാർജ് ചെയ്യുന്നതിനിടെയാണ് സ്വപ്ന എന്ന യുവതിക്ക് ഷോക്കേറ്റത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും പ്രകാശവും ഉണ്ടായെന്നാണ് യുവതി വെളിപ്പെടുത്തിയത്.
രാവിലെ 6 മണിക്ക് സ്റ്റേഷനിലെത്തി കാർ ചാർജ് ചെയ്യുമ്പോഴാണ് സംഭവം. വാഹനം ചാർജിലിട്ട ശേഷം യുവതി കാർ ഓഫാക്കി ഉള്ളിൽ ഇരിക്കുകയായിരുന്നു. എന്നാൽ 59 ശതമാനം ആയപ്പോഴേക്കും ചാർജിംഗ് ഡിസ്കണക്റ്റഡ് എന്ന മെസേജ് വന്നതിനെ തുടർന്ന് പുറത്തിറങ്ങി. കാറിൽ നിന്നും ഗൺ എടുത്ത് തിരികെ സ്റ്റേഷനിലെ സോക്കറ്റിൽ വയ്‌ക്കുന്ന സമയത്താണ് ഷോക്കേൽക്കുന്നത്.
ഷോക്കേറ്റ യുവതി തെറിച്ച് വീഴുകയായിരുന്നു. ഇടത് കാലിലും കൈവിരലുകൾക്കുമാണ് ഷോക്കേറ്റത്. പരിസരത്ത് ആരുമുണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കെഎസ്ഇബി അധികൃതർ എത്തി വിവരങ്ങൾ തേടിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചതായും യുവതി പറഞ്ഞു.
Post Your Comments