ലെബനനിൽ ഒരേസമയം ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ചതോടെ ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല മാത്രമല്ല ഞെട്ടിയത്. ലോകമാകെ അമ്പരന്നിരിക്കുകയാണ്. ഇത്രയും വിപുലമായരീതിയിൽ ഒരേസമയം പേജറുകൾ പൊട്ടിത്തെറിക്കണമെങ്കിൽ അവയുടെ നിർമ്മാണ ഘട്ടം മുതൽ തന്നെ ഇടപെടൽ നടന്നിട്ടുണ്ടാകണം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇസ്രയേലാണ് ഈ ആക്രമണത്തിന് പിന്നിലെങ്കിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ നിർമ്മിക്കുന്ന ഘട്ടത്തിലും അത് വിതരണം ചെയ്യുന്ന ഘട്ടത്തിലുമെല്ലാം ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ അറിവും ഇടപെടലും ഉണ്ടായിരുന്നിരിക്കാം.
ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം നൽകുന്നത് ഇറാനാണ്. സിറിയയും ഇറാഖും വഴിയാണ് ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഇറാൻ ഹിസ്ബുള്ളക്ക് നൽകുന്നത്. അങ്ങനെയെങ്കിൽ ഇസ്രയേലിന്റെ പ്രഖ്യാപിത വൈരിയായ ഇറാൻ വിതരണംചെയ്ത പേജറുകളിൽ തിരിമറി നടത്താൻ ഇസ്രയേലിനു കഴിഞ്ഞിരിക്കണം.
നിർമ്മാണ ഘട്ടത്തിൽ തന്നെ ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ കുറഞ്ഞ അളവിൽ പേജറുകളിൽ നിറച്ച ശേഷം റേഡിയോ ആവൃത്തിയെ സ്ഫോടനത്വരകമായി ഉപയോഗിച്ചാകാം ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. ഒന്നുമുതൽ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറിൽ നിറയ്ക്കാനാവുന്ന സ്‌ഫോടകവസ്തു. ആയിരക്കണക്കിന് പേജറുകളിൽ ഇത്തരത്തിൽ സ്‌ഫോടകവസ്തു നിറയ്ക്കുന്നതിന് ചില്ലറസമയവുമല്ല വേണ്ടത്. പുറമേനിന്നുകണ്ടാൽ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകൾ പ്രവർത്തനക്ഷമവുമായിരിക്കണം. ഇവയ്ക്കൊക്കെയുമായി വലിയ ആൾശക്തിയും ഇസ്രയേൽ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
തെക്കൻ ലെബനൻ, ബെകാവാലി, ബയ്‌റുട്ട്, സിറിയൻ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളിൽ ഒരേസമയം ബാറ്ററികൾ പൊട്ടിത്തെറിച്ചത് അട്ടിമറിയാണെന്ന് കരുതാൻ കാരണങ്ങളേറെയുണ്ട്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനീസ് അതിർത്തിയിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ലെബനനിലും സിറിയയിലും പേജർ സ്ഫോടനപരമ്പരയുണ്ടായത്. സൈബർ ആക്രമണമാണെങ്കിൽ ഒരേകമ്പനിയുടെ പേജറുകൾ ഒരേസമയം പ്രവർത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ.
ആക്രമണത്തിന് പൂർണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവർക്ക് തക്കശിക്ഷ നൽകുമെന്നും പറഞ്ഞു. ഇസ്രയേൽ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെൽഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള മുന്നറിയിപ്പ് നൽകിയിരുന്നു. അതാണ് പേജർ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു. ഇത്രയും വിപുലമായരീതിയിൽ ഒരേസമയം ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്നിയർ പറയുന്നു.
മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജർ. എസ്എംഎസ് പോലെ സന്ദേശം കൈമാറാൻ മാത്രം കഴിയുന്ന പേജറുകളിലൂടെ സംസാരിക്കാനാകില്ല. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള സായുധ സംഘങ്ങൾ ഇപ്പോഴും പേജറുകൾ ഉപയോഗിക്കുന്നത്.
പൊട്ടിത്തെറിച്ച പേജറുകൾ സമീപ മാസങ്ങളിൽ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ കയ്യിൽ എത്തിക്കുന്നതിന് മുൻപു സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച പേജറുകളെ റേഡിയോ സിഗ്നൽ ഉപയോഗിച്ച് പൊട്ടിത്തെറി നടത്തിയതാകാനുള്ള സാധ്യതയാണ് ഹിസ്ബുല്ല ചൂണ്ടിക്കാട്ടുന്നത്. ആസൂത്രിത സ്ഫോടനമാണെങ്കിൽ മാസങ്ങൾ മുതൽ രണ്ട് വർഷം വരെ തയാറെടുപ്പ് ആവശ്യമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ഉപയോഗിക്കുന്ന സാങ്കേതിക ഉപകരണങ്ങളിൽ പോലും ഇടപെടാൻ ഇസ്രയേലിന് കഴിയുന്നുണ്ടെന്ന തിരിച്ചറിവ് ഇസ്രയേലിന്റെ ശത്രുക്കളെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നത്
Leave a Comment