ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്‌ന നിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭ ഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്.കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന കേതുവിന്റെ ദശ. ഇക്കാലത്ത് വിധിപ്രകാരമുള്ള കേതുപ്രീതികര്‍മ്മങ്ങളും ഗണപതിഭജനവും നിശ്ചയമായും നടത്തേണ്ടതാണ്.
കേതുദശ ആരംഭിക്കുന്ന ദിവസം ഗണപതിഹോമവും കേതുപൂജയും നടത്തുന്നത് നന്നായിരിക്കും.
തുടര്‍ന്ന് പതിവായി ജന്മനക്ഷത്രംതോറുമോ ചതുര്‍ത്ഥിനാള്‍തോറുമോ ഗണപതിഹോമം നടത്തുന്നതും ഫലപ്രദമാണ്. ജാതകത്തില്‍ കേതു നില്‍ക്കുന്ന ഭാവം അനുസരിച്ച് വിവിധ മന്ത്രങ്ങളും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഗണപതിഹോമം നടത്താം. ഉദാഹരണമായി കേതു മംഗല്യസ്ഥാനത്തുനില്‍ക്കുന്ന ജാതകന് അകാരണമായി വിവാഹത്തിനു കാലതാമസം നേരിടുകയോ തല്‍സംബന്ധിയായി മറ്റു ദുരിതങ്ങളുണ്ടാവുകയോ ചെയ്യാം. ആയതിനു പരിഹാരമായി ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവരമന്ത്രം കൊണ്ട് 108 ഉരുവീതം തുടര്‍ച്ചയായി ഏഴുദിവസം ഗണപതിഹോമം നടത്താം.
കേതു മംഗല്യസ്ഥാനത്തു നില്‍ക്കുന്നതുമൂലം ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം, വിരഹം തുടങ്ങിയവയുണ്ടായാല്‍ സംവാദസൂക്തം കൊണ്ട് ഗണപതിഹോമം നടത്തുന്നത് ഉത്തമമാണ്. കേതു അഞ്ചില്‍ നില്‍ക്കുന്നതുമൂലമുണ്ടാകുന്ന സന്താനദുരിതങ്ങള്‍ക്കു പരിഹാരമായി സന്താനഗോപാലമന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കാം. കേതു ആറില്‍ നില്‍ക്കുന്നവര്‍ ശത്രുദോഷപരിഹാരത്തിനായി ഉച്ഛിഷ്ടഗണപതിമന്ത്രം ജപിച്ച് വേപ്പിന്‍ചമത ഹോമിച്ചാല്‍ മതി. കേതു രണ്ടില്‍ നില്‍ക്കുന്നവര്‍ ലക്ഷ്മീവിനായകമന്ത്രം ജപിച്ച് ഗണപതിഹോമം നടത്തിയാല്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്.
ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്തുന്നതിനും ഗണപതിഭജനം ഉത്തമമാണ്. ജാതകത്തില്‍ ശുക്രന്‍ ഓജരാശിസ്ഥിതരായവര്‍ ലക്ഷ്മീവിനായകമന്ത്രം ജപിച്ച് ഗണപതിഹോമം നടത്തുന്നത് നന്നായിരിക്കും. ഇതുമൂലം ശുക്രദശാകാലത്ത് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. കേതുവോ ഓജരാശിയിലെ ശുക്രനോ അഷ്ടമത്തില്‍ സ്ഥിതിചെയ്താല്‍ ജന്മനക്ഷത്രം തോറും മൃത്യുഞ്ജയഹോമദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഗണപതിഹോമം നടത്തുന്നത് ആയുര്‍ദോഷശാന്തിക്ക് ഉത്തമമാണ്.
Post Your Comments