Latest NewsIndiaSpirituality

19-താം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരിയായ യുവതി, തൻ്റെ പ്രാർത്ഥന കേട്ടതിന് നന്ദി സൂചകമായി പുതിയ ശിവക്ഷേത്രം പണിഞ്ഞു നൽകിയ കഥ

ഭാരതത്തിൽ ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചപ്പോൾ ക്രിസ്തുമത പ്രചരണത്തിന് മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാൽ അവര്‍ ഭാരതത്തില്‍ സ്ഥാപിച്ച ഏക ക്ഷേത്രമാണ് മധ്യപ്രദേശിലെ അഗര്‍ മല്‍വയിലുള്ള ബൈജ്നാഥ്‌ ക്ഷേത്രം. ഹിന്ദു മതവും വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ബ്രിട്ടീഷ് ദമ്പതികള്‍ ഈ ക്ഷേത്രം പണിയാന്‍ തീരുമാനിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന സമയം.

1879ല്‍ അഫ്‌ഗാനിസ്ഥാനുമായുള്ള യുദ്ധത്തിന് വേണ്ടി ബ്രിട്ടീഷ് സൈന്യത്തിലെ ലെഫ്റ്റനന്റ് കേണലായിരുന്ന സി മാര്‍ട്ടിന് അഗര്‍ മല്‍വ പ്രദേശത്തേക്ക് പോകേണ്ടിവന്നു. എന്നിരുന്നാലും തന്റെ ഭാര്യയ്ക്ക് കത്തയക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല. യുദ്ധമുന്നണിയിലേക്ക് നിയോഗിക്കപ്പെട്ടതിനാല്‍ പിന്നീട് കത്തുകള്‍ എഴുതുവാനോ അയക്കുവാനോ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ സമയത്താണ് അഫ്ഗാന്‍ യുദ്ധത്തില്‍ മേല്‍ക്കോയ്മ നേടിയത്. ബ്രിട്ടീഷുകാര്‍ക്ക് അഫ്‌ഗാനെ നേരിടാന്‍ സാധിക്കാത്ത വിധത്തിലും കാര്യങ്ങള്‍ നീങ്ങുകയുണ്ടായി.

ഇതൊക്കെയറിഞ്ഞ സി മാര്‍ട്ടിന്റെ ഭാര്യ ദുഃഖത്തിലായി കുതിരപ്പുറത്ത് കയറി എങ്ങോട്ടെന്നല്ലാതെ സഞ്ചരിച്ചു. സഞ്ചരിക്കുന്നതിനിടയില്‍ കേണലിന്റെ ഭാര്യ ബൈജ്നാഥ്‌ ക്ഷേത്രം കാണുകയും അവിടെ കയറാന്‍ തീരുമാനിക്കുകയും ചെയ്തു. മന്ത്രോച്ചാരണങ്ങളാല്‍ നിറഞ്ഞ അവിടെ കുറച്ച്‌ ബ്രാഹ്മണര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവളുടെ മുഖത്തെ ദുഃഖം ശ്രദ്ധിച്ച ബ്രാഹ്മണര്‍ കാര്യം തിരക്കുകയും ഭക്തരുടെ വിഷമങ്ങള്‍ക്ക് ശിവഭഗവാന്‍ പരിഹാരം കാണുമെന്ന് ഉപദേശിക്കുകയും ചെയ്തു.

അങ്ങനെ ബ്രാഹ്മണരുടെ വാക്കുകള്‍ അനുസരിച്ച്‌ 11 ദിവസം ഓം നമശിവായ എന്ന മന്ത്രം ഉരുവിടാനും ലഘുരുദ്രി അനുഷ്ഠാനത്തിനും അവള്‍ തയ്യാറായി. സി മാര്‍ട്ടിന്‍ സുരക്ഷിതമായി തിരിച്ച്‌ വന്നാല്‍ ക്ഷേത്രം പുതുക്കി പണിയാം എന്ന് അവള്‍ തീരുമാനിച്ചു. ലഘുരുദ്രി അനുഷ്ഠാനം തുടങ്ങീ 11-)o ദിവസം യുദ്ധത്തില്‍ തങ്ങള്‍ ജയിച്ചുവെന്നും താന്‍ സുരക്ഷിതനാണ് എന്നും എഴുതിയ സി മാര്‍ട്ടിന്റെ കത്ത് ഭാര്യയ്ക്ക് ലഭിച്ചു. യുദ്ധസമയത്ത് സഹായിക്കാന്‍ എത്തിയ ഒരു യോഗിയെ കുറിച്ചും സി മാര്‍ട്ടിന്‍ കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

11 ദിവസത്തെ പ്രാര്‍ത്ഥനയാല്‍ ശിവഭഗവാന്റെ ശക്തി തിരിച്ചറിഞ്ഞ ഇവര്‍ അമ്പലം പുതുക്കി പണിയുന്നതിനായി 15000 രൂപ (ഇന്നത്തെ കാലത്ത് ചെറിയ തുക ആയി തോന്നുമെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇതൊരു വലിയ തുക ആയിരുന്നു എന്ന കാര്യം മറക്കരുത്) നല്‍കുകയും ചെയ്തു. 1883ല്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാവുകയും ചെയ്തു. അഗര്‍ മല്‍വയിലെ മുനിസിപ്പല്‍ ബോഡിയില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. കടപ്പാട്  WIKI

shortlink

Post Your Comments


Back to top button