തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലിലെത്തിയ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇടിമിന്നലിനുംകാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശിച്ചു.
ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടില്‍ ഇന്ന് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം ജില്ലാ ഭരണകൂടം പുറത്തിറക്കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഇത്തരം സ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറായി ഇരിക്കണമെന്നും നിര്‍ദേശമുണ്ട്.
എറണാകുളത്ത് മഴ ശക്തം
എറണാകുളം ജില്ലയിലും എല്ലാ പ്രദേശങ്ങളിലും മഴ തുടരുകയാണ്. കൊച്ചി നഗരത്തില്‍ സ്ഥിരം വെള്ളക്കെട്ടുള്ള ഇടപ്പള്ളിയിലെ ദേശീയപാതയില്‍ വെള്ളക്കെട്ടുണ്ട്. കോതമംഗലത്ത് മഴയുടെ അളവ് കൂടിയതോടെ പെരിയാറിലെ ജലനിരപ്പ് കൂടി. പിന്നാലെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 11ഷട്ടറുകള്‍ തുറന്നു. ഇവിടെ ഇന്നലെ രാത്രി മുതല്‍ തുടരുന്ന മഴയില്‍ ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഇനിയും മഴ ശക്തി പ്രാപിച്ചാല്‍ ഡാമിന്റെ മുഴുവന്‍ഷട്ടറുകളും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments