മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം അഭ്യർത്ഥിച്ച് നിവേദനം നൽകും. 2000 കോടി രൂപയുടെ സഹായമാകും കേരളം ആവശ്യപ്പെടുക. രാവിലെ 9:45ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ ആണ് കൂടിക്കാഴ്ച.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതമേഖലയുടെ പുനരധിവാസത്തിനുള്ള നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകും. വയനാട് സന്ദർശനത്തിനിടെ, എല്ലാ സഹായവും ഉറപ്പു നൽകിയ മോദി, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം ആവശ്യപ്പെട്ടിരുന്നു. അതേസമയം മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ നഷ്ടപരിഹാരത്തുക നൽകുന്നതിലെ മാനദണ്ഡം ഇളവ് ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
വയനാട്ടിൽ എത്തിയ കേന്ദ്ര വിദഗ്ധ സംഘത്തിന് മുൻപിൽ ആണ് ആവശ്യം ഉന്നയിച്ചത്. മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ പഠിച്ചു വിലയിരുത്താൻ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ 17 വകുപ്പുകളുടെ പ്രതിനിധികളാണ് സന്ദർശനം നടത്തുന്നത്.
നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി യഥാർത്ഥ നഷ്ടം വിലയിരുത്തണമെന്ന് വയനാട് കലക്ട്രറേറ്റിൽ നടന്ന യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. നാശനഷ്ടം ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, സമസ്ത മേഖലയിലും ഉള്ള പുനർനിർമാണത്തിന്റെ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെൻറ് സംഘത്തിന്റെ ലക്ഷ്യം.
Post Your Comments