Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsDevotional

ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമായ ശിവാലയ ഓട്ടത്തിന്റെ പ്രാധാന്യം

ഗോവിന്ദാ ഗോപാലാ' എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങാണിത്.

ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരമാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ശിവരാത്രിയോടനുബന്ധിച്ച് ദര്‍ശനം നടത്തുന്നതാണ് ശിവാലയ ഓട്ടം എന്ന പേരില്‍ പ്രസിദ്ധമായത്. ‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങാണിത്. പന്ത്രണ്ട് ശിവാലയങ്ങളിലും തുടര്‍ച്ചയായി ചുരുങ്ങിയ സമയം കൊണ്ട് ഓടിയെത്തുന്നത് പുണ്യമായി കരുതപ്പെടുന്നു.

ഓരോ ക്ഷേത്രത്തിലും ഓരോ ഭാവത്തിലാണ് പ്രതിഷ്ഠ. തിരുമല, മുനിമാര്‍തോട്ടം, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങള്‍. ശിവക്ഷേത്രങ്ങളില്‍ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കര്‍മ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്.

ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ ‘ഗോവിന്ദന്‍മാര്‍’ എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതമാരംഭിക്കണം ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ചക്ക് ആഹാരം കഴിഞ്ഞ് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയില്‍ സന്ധ്യാദീപം ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു. ‘ഗോവിന്ദാ ഗോപാല’ എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്.

വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് വേഷം. കൈകളില്‍ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നില്‍ പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു. ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഓരോ ക്ഷേത്രത്തിലും എത്തുമ്പോള്‍ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍ വഴിയില്‍ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.

ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം

ശിവഭക്തനായ വ്യാഘ്രപാദമുനി മുന്‍ജന്മത്തില്‍ ഗൗതമമുനിയായിരുന്നു. അദ്ദേഹം ശിവനെ ദീര്‍ഘകാലം തപസ് ചെയ്ത് രണ്ട് വരങ്ങള്‍ സമ്പാദിച്ചു.
ഒന്ന് കൈനഖങ്ങളില്‍ കണ്ണ് വേണം ശിവപൂജയ്ക്ക് പോറലേല്ക്കാത്ത പൂക്കളിറുക്കാന്‍ രണ്ട് കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ വേണം. ഏത് മരത്തിലും കയറി പൂജയ്ക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിക്കാന്‍. അങ്ങിനെയാണ് വ്യാഘ്രപാദമുനിയെന്ന പേര് സിദ്ധിച്ചത്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ അശ്വമേധയാഗം നടത്തി. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ഭീമസേനന്‍ വ്യാഘ്രപാദമുനിയെ യജ്ഞത്തിന് ക്ഷണിക്കാനായി പോയി. ശ്രീകൃഷ്ണന്‍ ഭീമസേനനെ പന്ത്രണ്ട് രുദ്രാക്ഷങ്ങള്‍ ഏല്‍പ്പിച്ചിരുന്നു.

ഭീമന്‍ താമ്രവര്‍ണ്ണീ നദീതിരത്ത് തപസ്സ് ചെയ്യുകയായിരുന്ന വ്യാഘ്രപാദമുനിയുടെ അടുക്കലെത്തി തപസ്സില്‍ നിന്നുണര്‍ത്തുവാനായി ‘ഗോവിന്ദാ ഗോപാല’ എന്ന് വിളിച്ചു, ശൈവഭക്തനായ മുനി, വിഷ്ണുനാമം കേട്ടു കോപിച്ചു. ഭീമന്റെ പുറകേ ഓടിച്ചെന്നു. ഭീമന്‍ ഓടുന്നതിനിടയില്‍ കൈവശമുളള രുദ്രാക്ഷത്തിലൊന്ന് ഒരു സ്ഥലത്ത് വച്ചു. രുദ്രാക്ഷം ഒരു ശിവലിംഗമായി മാറി. ശിവലിംഗം കണ്ട് ക്രോധം ശമിച്ച മുനി കുളിച്ച് ശുദ്ധനായി, വിഗ്രഹത്തെ പൂജിച്ചു.

ഇങ്ങിനെ പന്ത്രണ്ട് രുദ്രാക്ഷവും ഉപയോഗിച്ചു. ഓരോ ശിവലിംഗ പ്രതിഷ്ഠയും ഓരോ ക്ഷേത്രമായി തീര്‍ന്നു. എന്നിട്ടും മുനിയുടെ കോപത്തിന് അവസാനമുണ്ടായില്ല. ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. കൃഷ്ണന്‍ മുനിക്ക് ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദര്‍ശനം കൊടുത്തു. അങ്ങിനെ ശങ്കരനാരായണ പ്രതിഷ്ഠയുണ്ടായി മഹര്‍ഷി തൃപ്തനായി അശ്വമേധ യാഗത്തില്‍ പങ്കെടുത്തു. ഭീമന്റെ ഓട്ടത്തെ അനുസ്മരിച്ചാണ് ശിവാലയഓട്ടം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button