‘പരാതിക്കാരിയെ സമൂഹം പിച്ചിച്ചീന്തും, ഇത്തരമൊരു സാഹചര്യത്തിൽ പരാതിയുമായി ആര് മുന്നോട്ടു വരും?’- ഗായത്രി വർഷ

തിരുവനന്തപുരം: 30 വർഷമായി സിനിമയിൽ ഉണ്ടെന്നും ഇതിനിടയിൽ അത്തരം അനുഭവങ്ങളുണ്ടായിട്ടില്ലെന്നു പറഞ്ഞാൽ തെറ്റാകുമെന്നും നടി ഗായത്രി വർഷ. അത്തരം ഘട്ടങ്ങളിൽ താൻ പിന്മാറാറാണു പതിവെന്നും നടിപറഞ്ഞു. കേരളത്തിൽ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് ഇടമില്ല. നിലപാട് പറഞ്ഞാൽ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പരാതിയുമായി ആര് മുന്നോട്ടു വരുമെന്നും ഗായത്രി വർഷ ചോദിച്ചു.

സമൂഹം പരാതിക്കാരിയെ പിച്ചിച്ചീന്തും. മൊഴി നൽകിയയാളുടെ സമ്മതപത്രം വാങ്ങി സർക്കാർ ഇടപെടണം. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാതെ സിനിമാ മേഖല നേരിടുന്ന പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടണമെന്നും ഗായത്രി ആവശ്യപ്പെട്ടു. ഹേമ റിപ്പോർട്ടിൽ ‘അമ്മ’ നടത്തിയ പ്രതികരണത്തെ കുറിച്ചും അവർ സംസാരിച്ചു. റീൽ അല്ല റിയൽ ലൈഫ് എന്നു മനസിലാക്കണം.

റീലിൽ അഭിനയിക്കുംപോലെ റിയൽ ലൈഫിൽ അഭിനയിക്കരുത്. സത്യങ്ങളെ സത്യങ്ങളായി കണ്ടുകൊണ്ട് നിലപാടെടുക്കണം. പക്വതയോടെ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരിന് മാനുഷികമായേ ഇടപെടാനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.

Share
Leave a Comment